പാരിസ്: ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷകള്‍ക്ക് ചിറകു മുളപ്പിച്ച് വീണ്ടും നീരജ് ചോപ്ര. ടോക്യോയില്‍ ചരിത്രമെഴുതി സ്വന്തമാക്കിയ സ്വര്‍ണ നേട്ടം ആവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ട് ഇറങ്ങിയ നീരജ് ചോപ്ര പാരിസില്‍ പുരുഷ ജാവലിന്‍ ത്രോ ഫൈനലില്‍.
യോഗ്യതാ പോരാട്ടത്തില്‍ ഒന്നാം സ്ഥാനക്കാരനായാണ് താരം ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ ശ്രമത്തില്‍ തന്നെ 89.34 മീറ്റര്‍ ദൂരത്തേക്കാണ് താരം ജാവലിന്‍ പറത്തിയത്. അതേസമയം ഈയനത്തില്‍ മത്സരിച്ച ഇന്ത്യയുടെ കിഷോര്‍ ജനയ്ക്ക് ഫൈനല്‍ യോഗ്യത നേടാന്‍ സാധിച്ചില്ല.
സീസണിലെ ഏറ്റവും മികച്ച ദൂരവും കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ദൂരവും ജാവലിന്‍ പറത്തിയാണ് നീരജ് പ്രതീക്ഷ സമ്മാനിച്ചത്. 2022ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ 89.94 മീറ്റര്‍ ദൂരം താണ്ടിയതാണ് പേഴ്‌സണല്‍ ബെസ്റ്റ്. 87.58 ദൂരം താണ്ടിയാണ് ടോക്യോയില്‍ നീരജ് സ്വര്‍ണം നേടിയത്. അതിലും മികച്ച പ്രകടനമാണ് ഇത്തവണത്തേത്.
പ്രധാന എതിരാളികളായ ഗ്രനാഡയുടെ അന്റേഴ്‌സന്‍ പീറ്റേഴ്‌സന്‍ 88.63 മീറ്റര്‍ എറിഞ്ഞ് രണ്ടാമനായും ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ 87.76 മീറ്റര്‍ പിന്നിട്ട് മൂന്നാമനായും ഫൈനലുറപ്പിച്ചു. പാക് താരം അര്‍ഷാദ് നദിം 86.59 മീറ്റര്‍ താണ്ടി നാലാമനായി ഗ്രൂപ്പ് ബിയില്‍ നിന്നു ഫൈനലുറപ്പിച്ചു. ജാവലിൻ ത്രോ ഫൈനൽ മത്സരങ്ങൾ വ്യാഴാഴ്ചയാണ് നടക്കുക.
