ദുരിതാശ്വാസ ക്യാംപില്‍ വിങ്ങിപ്പൊട്ടിയവരെ ചേര്‍ത്തുപിടിച്ച് മോദി; ആശുപത്രിയിലുള്ളവരെയും കണ്ടു



 കല്‍പ്പറ്റ: വയനാട്ടിലെ ദുരിതാശ്വാസ ക്യാംപിലെത്തി ദുരിത ബാധിതരുടെ കണ്ണീരൊപ്പി പ്രധാനമന്ത്രി നരേന്ദ്രമോദി. തങ്ങള്‍ നേരിട്ട ദുരന്തങ്ങള്‍ വിവരിക്കുന്നതിനിടെ അതില്‍ പലരും വിങ്ങിപ്പൊട്ടി. അവരെ പ്രധാനമന്ത്രി ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുയും ചെയ്തു. മുഹമ്മദ് ഹാനി, ഹര്‍ഷ, ശറഫുദ്ദീന്‍, ശ്രുതി, ജിഷ്ണു, നസീമ, സുധാകരന്‍, പവിത്ര തുടങ്ങി പന്ത്രണ്ട് പേരെയാണ്‌ എന്നിവരെയാണ് മോദി നേരില്‍ കണ്ട് കാര്യങ്ങള്‍ മനസിലാക്കിയത്. പത്തുമിനിറ്റിലേറെ നേരം മോദി ക്യാംപില്‍ തുടര്‍ന്നു.

ക്യാംപിലെ സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി മേപ്പാടി വിംസ് ആശുപത്രിയിലെത്തി. ആശുപത്രിയില്‍ ചികിത്സയിലുള്ള അരുണ്‍, അനില്‍, അവന്തിക, സുഹൃതി എന്നിവരെ കണ്ടു. ഡോക്ടര്‍മാരോട് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

ഉരുള്‍പൊട്ടല്‍ ദുരന്തം നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയിലും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു ദുരന്തഭൂമി സന്ദര്‍ശിച്ച അദ്ദേഹത്തിനോട് ഒപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വെള്ളാര്‍മല സ്‌കൂളിലും അദ്ദേഹമെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ജില്ലാ കലക്ടര്‍ എന്നവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ ദുരന്തഭൂമിയില്‍ ആകാശനിരീക്ഷണം നടത്തിയശേഷമാണ് അദ്ദേഹം ചൂരല്‍മലയിലെത്തിയത്. കല്പറ്റയിലെ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനത്തെ ഹെലിപാഡില്‍ ഇറങ്ങിയ മോദി അവിടെനിന്ന് റോഡ് മാര്‍ഗമാണ് ദുരന്തമുണ്ടായ ചൂരല്‍മലയില്‍ എത്തിയത്.

Previous Post Next Post