വയനാടിന്റെ കണ്ണീരൊപ്പാന്‍ നാഷണല്‍ സര്‍വീസ് സ്കീം; 150 വീടുകള്‍ പണിതുനല്‍കും


 

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി നാഷണല്‍ സര്‍വീസ് സ്‌കീം. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് പാര്‍പ്പിടം നഷ്ടമായ നൂറ്റമ്പത് കുടുംബങ്ങള്‍ക്ക് നാഷണല്‍ സര്‍വീസ് സ്‌കീം നേതൃത്വത്തില്‍ സര്‍ക്കാരിന്റെ പൊതുദൗത്യത്തോട് പങ്കുചേര്‍ന്ന് വീടുകള്‍ പണിതു നല്‍കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സംസ്ഥാന നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ വിവിധ സെല്ലുകളെ ഏകോപിപ്പിച്ചാണ് വീടുകളുടെ നിര്‍മ്മാണം ഏറ്റെടുക്കുക.

കാലിക്കറ്റ് സര്‍വകലാശാല, എംജി സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, കേരള സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല, ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാല എന്നിവിടങ്ങളിലെയും, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഐടിഐ തുടങ്ങിയവയിലെയും എന്‍എസ്എസ് സെല്ലുകളുടെ കീഴിലുള്ള എന്‍എസ്എസ് യൂണിറ്റുകളും എന്‍എസ്എസ് മുന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരും സംസ്ഥാന ഓഫീസര്‍മാരും ഈ ജീവസ്‌നേഹദൗത്യത്തില്‍ പങ്കാളികളാകും.

ദുരന്തദിനത്തില്‍ത്തന്നെ എന്‍എസ്എസ്/എന്‍സിസി കര്‍മ്മഭടന്മാര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു. ആ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അതോടൊപ്പം, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കൂടുതല്‍ സമാശ്വാസ പ്രവര്‍ത്തനങ്ങളും ദുരന്തമേഖലയില്‍ എന്‍എസ്എസ് ഏറ്റെടുക്കും.

ഇതിന്റെ ഭാഗമായി, ദുരന്തബാധിതര്‍ക്ക് അവരനുഭവിച്ച മെന്റല്‍ ട്രോമ മറികടക്കാന്‍ വേണ്ട വിദഗ്ദ്ധ കൗണ്‍സലിംഗ് എന്‍ എസ്എസ് സജ്ജമാക്കും. ദുരന്തമേഖലയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ വേണ്ട പൊതുശ്രമങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികളില്‍ പ്രത്യേകശ്രദ്ധ കൊടുക്കാനായി തിരിച്ചെത്തിക്കാനായി 'ബാക്ക് ടു സ്‌കൂള്‍ ബാക്ക് ടു കോളേജ്' ക്യാമ്പയിനും എന്‍ എസ് എസ് രൂപകല്പന ചെയ്തിട്ടുണ്ട്. 'ബാക്ക് ടു സ്‌കൂളി'ന്റെ ഭാഗമായി, ദുരന്തബാധിത മേഖലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ എന്‍എസ്എസ് നല്‍കും.

ആരോഗ്യ സര്‍വകലാശാല എന്‍എസ്എസ് ടീമിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം വിവിധ ക്യാമ്പുകളില്‍ ലഭ്യമാക്കും. ഇപ്പോള്‍ എന്‍എസ്എസ് പങ്കാളിത്തം വഹിച്ചുകൊണ്ടിരിക്കുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ദുരിത മേഖലയില്‍ ഏറ്റെടുക്കുന്ന ശുചീകരണ ഡ്രൈവില്‍ എന്‍ എസ് എസ് വളണ്ടിയര്‍മാരും ഓഫീസര്‍മാരും യൂണിറ്റുകളും പങ്കെടുക്കും.

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സാങ്കേതിക കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സാങ്കേതികപരിജ്ഞാനംകൂടി പുനരധിവാസപ്രവര്‍ത്തങ്ങളില്‍ ഉപയോഗപ്പെടുത്തും. പോളി ടെക്നിക്ക് കോളേജുകള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍, ഐടിഐകള്‍ എന്നിവയിലെ എന്‍ എസ് എസ് ടീമുകളുടെ നേതൃത്വത്തില്‍ ഗൃഹോപകരണങ്ങള്‍, ഫര്‍ണിച്ചര്‍, ഇലക്ട്രിക്കല്‍-പ്ലംബിങ് പ്രവൃത്തികള്‍ തുടങ്ങിയ സാങ്കേതികസേവനം ഒരുക്കിനല്കും.

വയനാട് ചൂരമലയിലും മുണ്ടക്കൈയിലും പ്രകൃതി ദുരന്തത്തില്‍ ഇരകളായവര്‍ക്ക് സഹായഹസ്തം എത്തിയ്ക്കാന്‍ ജില്ലാഭരണകൂടത്തിനോടൊപ്പം അഞ്ച് കേരള ബറ്റാലിയന്‍ എന്‍.സി.സി. വയനാടിന്റെ കേഡറ്റുകളും, എന്‍.സി.സിയിലെ മിലിറ്ററി ഓഫീസര്‍മാരും കര്‍മ്മനിരതരായി രംഗത്തുണ്ട്. ആശുപത്രികളിലും റിലീഫ് ക്യാമ്പുകളിലും ഫുഡ് പാക്കിംഗ് കേന്ദ്രങ്ങളിലും എല്ലാമായി ഇവരെ വിഭജിച്ച് ചുമതലയേല്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Previous Post Next Post