തിരുവനന്തപുരം: കാറിനുള്ളിലിരുന്നു താക്കോലുമായി കളിക്കുന്നതിനിടെ വാതിലുകൾ ലോക്കായി രണ്ടര വയസ്സുകാരൻ ഉള്ളിലകപ്പെട്ടു. കാറിനുള്ളിൽ കുടുങ്ങിയ കുരുന്നിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ രക്ഷപ്പെടുത്തി. വീട്ടുകാരെ മുൾമുനയിൽ നിർത്തിയ സമയമൊക്കെയും കാറിനുള്ളിൽ താക്കോലുമായി കളിക്കുകയായിരുന്നു രണ്ടരവയസ്സുകാരൻ.
തിങ്കൾ രാവിലെ കോവളം വെങ്ങാനൂർ വിളക്കന്നൂർ ക്ഷേത്രത്തിന് സമീപമാണ് സംഭവം. രോഹിണി ഭവനിൽ നന്ദുവിന്റെ മകൻ ആരവ് ആണ് വാഹനത്തിൽ അകപ്പെട്ടത്. അച്ഛൻ കാർ കഴുകുന്നതിനിടെയാണ് ആരവ് താക്കോലുമായി ഉള്ളിൽ കയറിയത്. വാതിൽ അടഞ്ഞു ലോക്കായതോടെ ആശങ്കയായി.
ഡ്യൂപ്ലിക്കറ്റ് താക്കോൽ തിരഞ്ഞെങ്കിലും ആദ്യം കണ്ടെത്താനായില്ല. വാതിൽ തുറക്കാൻ വീട്ടുകാർക്ക് കഴിഞ്ഞില്ല. തുടർന്ന് വിഴിഞ്ഞം അഗ്‌നിരക്ഷാസേനയെ അറിയിച്ചു. ഗ്ലാസ് പൊട്ടിക്കുന്നത് കുഞ്ഞിന് അപകടം വരുത്താൻ സാധ്യതയുണ്ടെന്ന് കണ്ടാണ് മറ്റ് മാർഗങ്ങൾ തിരഞ്ഞത്. അതിനിടെ വീട്ടുകാർക്ക് ഡ്യൂപ്ലിക്കറ്റ് താക്കോൽ ലഭിച്ചു. തുടർന്ന് കാർ തുറന്ന് കുഞ്ഞിനെ പുറത്ത് എത്തിച്ചു. കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. വിഴിഞ്ഞം അഗ്‌നിരക്ഷാസേനയിലെ എഎസ്‌ടിഒ സജികുമാർ, ജിഎസ്‌ടിഒ വിനോദ്‌കുമാർ, സന്തോഷ്‌കുമാർ, പ്രശാന്ത്, അനീഷ്, ഷിബു, രാജേഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അതിനിടെ രക്ഷാപ്രവർത്തന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ അടക്കം വൈറലായി. കാറിനുള്ളിലകപ്പെട്ടിട്ടും ഉന്മേഷവാനായി പുറത്തു നിന്നുള്ള നിർദേശങ്ങൾക്കനുസരിച്ചു പെരുമാറുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് ശ്രദ്ധ നേടിയത്. രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സ് സേനാംഗം വയർലസ് സെറ്റു കാട്ടി റിമോട്ടിന്റെ ബട്ടൺ അമർത്തുന്നതിനു കുട്ടിയോട് ആംഗ്യ ഭാഷയിലൂടെ ശ്രമിക്കുന്നതും കുട്ടിയുടെ പരിഭ്രാന്തമല്ലാത്ത ഭാവങ്ങളുമൊക്കെയാണ് ദൃശ്യങ്ങളെ ശ്രദ്ധേയമാക്കിയത്.