കനത്ത മഴ തുടരുന്ന ഡല്‍ഹിയില്‍ സിവില്‍ സർവീസ് അക്കാഡമി പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ബേസ്‌മെന്റില്‍ വെള്ളം കയറിയുണ്ടായ അപകടത്തിയ മരിച്ചവരുടെ എണ്ണം മൂന്നായി.
ഇതിലൊരാള്‍ പെണ്‍കുട്ടിയാണ്. ബേസ്‌മെന്റില്‍ കുടുങ്ങിക്കിടന്ന പതിനാലുപേരെ രക്ഷപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയും ഡല്‍ഹി ഫയർഫോഴ്സുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയത്. ചിലരെ കാണാതായെന്ന് പ്രചാരണമുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
പടിഞ്ഞാറൻ ഡല്‍ഹിയിലെ രാജേന്ദർ നഗറില്‍ റാവു ഐഎഎസ് സ്റ്റഡി സർക്കിള്‍ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ഇന്നലെ വൈകിട്ടോടെ വെള്ളം കയറിയത്. കനത്ത മഴയില്‍ ബേസ്‌മെന്റിലേക്ക് വെള്ളം ഇരച്ചു കയറുകയായിരുന്നു. ബേസ്‌മെന്റിലെ ലൈബ്രറിയില്‍ ഇരുന്ന വിദ്യാർത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.
കെട്ടിടത്തില്‍ നിന്ന് പുറത്തേക്കിറങ്ങാൻ തിക്കുതിരക്കുംകൂട്ടിയ വിദ്യാർത്ഥികള്‍ വെള്ളക്കെട്ടില്‍ വീണുവെന്നാണ് കരുതുന്നത്.
രാത്രി ഏഴുമണിയോടെ വിദ്യാർത്ഥികള്‍ ബേസ്‌മെന്റില്‍ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരം ലഭിച്ച ഡല്‍ഹി പൊലീസും അഗ്നിശമന, ദുരന്ത നിവാരണ സേനാംഗങ്ങളും എത്തി. ആഴ‌്ചാവസാനത്തെ പ്രത്യേക ക്ളാസില്‍ പങ്കെടുക്കാനെത്തിയ നിരവധി വിദ്യാർത്ഥികള്‍ ആ സമയം കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിരുന്നു. ഇവരില്‍ ഭൂരിഭാഗത്തെയും രക്ഷപ്പെടുത്തി. ദൗത്യസംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.