തൃശ്ശൂർ: ഉദ്ഘാടനത്തിന് വിളിക്കുന്നവർ എംപിയേക്കൊണ്ട് ഉദ്ഘാടനംചെയ്യിക്കാമെന്ന് കരുതേണ്ടന്നും സിനിമാനടനായാണ് ഉദ്ഘാടനം ചെയ്യാൻ എത്തുകയെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അതിനുള്ള പണം വാങ്ങിയേ പോകൂവെന്നും ഇങ്ങനെ ലഭിക്കുന്ന പണം സമൂഹനന്മക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു തൃശ്ശൂർ എംപികൂടിയായ മന്ത്രി.
താൻ ഇനിയും സിനിമ ചെയ്യും. അതിൽനിന്ന് കിട്ടുന്ന ശമ്പളത്തിന്റെ അഞ്ച് മുതൽ എട്ട് ശതമാനംവരെ സമൂഹത്തിന് ഉപകാരപ്പെടുന്ന തരത്തിൽ ചെലവഴിക്കും. വ്യക്തികൾക്കായിരിക്കില്ല ഇനി താൻ ഈ പണം നൽകുക. കണക്കുകൾ നൽകേണ്ടതുകൊണ്ട് അഞ്ച് മുതൽ എട്ട് ശതമാനംവരെ തുക ശമ്പളത്തിൽനിന്ന് നൽകാനേ കഴിയൂവെന്നും സുരേഷ് ഗോപി പറഞ്ഞു.
'ഏതെങ്കിലും ഉദ്ഘാടനത്തിന് എംപിയെ കൊണ്ടുപോയി ഉദ്ഘാടനം ചെയ്യിപ്പിക്കാമെന്ന് വിചാരിക്കുകയേ വേണ്ട. അവിടെ സിനിമാനടനായി മാത്രമേ വരികയുള്ളൂ. അതിന് എന്റ സഹപ്രവർത്തകർ വാങ്ങുന്നതരത്തിൽ യോഗ്യമായ ശമ്പളം വാങ്ങിയേ പോകൂ. ആ കാശിനിൽനിന്ന് നയാപൈസ എടുക്കില്ല. അത് എന്റെ ട്രസ്റ്റിലേക്ക് പോകും', സുരേഷ് ഗോപി പറഞ്ഞു.