പത്താംക്ളാസ് വിദ്യാർഥി മരിച്ചത് ഓണ്‍ലൈൻ ഗെയിമിലെ ടാസ്ക് അനുകരിച്ചത് മൂലമാണെന്ന് സൂചന,അമ്മയുടെ ഫോണില്‍ ഡെവിള്‍ എന്ന പേരിലുള്ള ഗെയിം, ഫോണ്‍ ഫൊറൻസിക് പരിശോധനക്കായി പോലീസ് എടുത്തു.

എറണാകുളം :കപ്രശ്ശേരിയില്‍ പത്താംക്ളാസ് വിദ്യാർഥി മരിച്ചത് ഓണ്‍ലൈൻ ഗെയിമിലെ ടാസ്ക് അനുകരിച്ചത് മൂലമാണെന്ന് സൂചന.

വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകൻ അഗ്നലിനെയാണ് (15) വെള്ളിയാഴ്ച വൈകീട്ട് വീടിനകത്ത് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്

ഓണ്‍ലൈൻ ഗെയിമിൻറെ ഭാഗമായി ചെയ്ത സാഹസിക കാര്യങ്ങള്‍ മൂലം ജീവഹാനി സംഭവിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. ജെയ്മിയുടെ ഫോണില്‍ രഹസ്യ നമ്ബറുണ്ടാക്കിയാണ് അഗ്നല്‍ ഗെയിം കളിച്ചിരുന്നതെന്നു പറയുന്നു. അമ്മയുടെ ഫോണില്‍ ഡെവിള്‍ എന്ന പേരിലുള്ള ഗെയിം കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ ഫൊറൻസിക് പരിശോധനക്കായി പോലീസ് എടുത്തു. വെള്ളിയാഴ്ച സ്കൂള്‍ വിട്ട ശേഷം വീട്ടിലേക്ക് വരുന്ന വഴി മറ്റൊരു ഫോണില്‍ നിന്ന് അഗ്നല്‍ ജെയ്മിയെ വിളിച്ചിരുന്നു. നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെ ടാക്സി ഡ്രൈവറായ ജെയ്മി കളമശ്ശേരിയില്‍നിന്ന് ഓട്ടം കഴിഞ്ഞ് വരുകയാണെന്നും ഉടനെ വീട്ടിലെത്തുമെന്നും അറിയിച്ചിരുന്നു.

വീട്ടിലെത്തിയ അഗ്നല്‍ അമ്മ ജിനിയോട് കുടുംബ വിശേഷങ്ങള്‍ പറഞ്ഞു. മംഗലാപുരത്ത് നഴ്സിങ്ങിന് പഠിക്കുന്ന ഏക സഹോദരി എയ്ഞ്ചലിനെ കാണാൻ ശനിയാഴ്ച കുടുംബസമേതം പോകാൻ തീരുമാനിച്ചിരുന്നു. ഇതിനായി പലഹാരമുണ്ടാക്കുന്ന തിരക്കിലായിരുന്നു ജിനി. അതിനിടെയാണ് അഗ്നല്‍ കിടപ്പുമുറിയിലേക്ക് പോയത്. കുറച്ചു കഴിഞ്ഞ് ജെയ്മിയും വീട്ടിലെത്തി. അഗ്നലിനെ കാണാൻ മുറിയിലെത്തിയപ്പോള്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും വാതില്‍ തുറന്നില്ല.

സംശയം തോന്നിയ ജെയ്മി വീടിന്റെ മുകള്‍നിലയില്‍ വാടകയ്ക്ക് താമസിക്കുന്ന സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. തുടർന്ന് ഇരുവരും ചേർന്ന് വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ അഗ്നലിനെ കണ്ടെത്തിയത്. ഉടനെ ദേശം സി.എ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടം നടത്തി. വൈകീട്ട് വൻ ജനാവലിയുടെ സാന്നിധ്യത്തില്‍ കപ്രശ്ശേരി ലിറ്റില്‍ ഫ്ളവർ പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.

Previous Post Next Post