തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ ചൊക്ലിയില്‍ ഒളവിലത്ത് സ്വദേശി ചന്ദ്രശേഖരന്‍ (62) ആണ് വെള്ളക്കെട്ടില്‍ വീണു മരിച്ചത്. കണ്ണൂര്‍ മട്ടന്നൂര്‍ കോളാരിയില്‍ വെള്ളക്കെട്ടില്‍ വീണു കുഞ്ഞാമിന എന്ന വീട്ടമ്മയും മരിച്ചിരുന്നു. പാലക്കാട് വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകനും മരിച്ചു. കോട്ടേക്കാട് സ്വദേശി സുലോചന, മകന്‍ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. ഇതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു.
പന്തിരാങ്കാവ് വില്ലേജിലെ പാലാഴിയില്‍ മണ്ണിടിച്ചില്‍. നാലു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരം കുറവന്‍കോണത്ത് ഹോട്ടല്‍ തകര്‍ന്നു വീണു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സ്ത്രീക്ക് പരിക്കേറ്റു. നൂല്‍പ്പുഴ കരകവിഞ്ഞു. അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആലത്തൂര്‍ വെങ്ങന്നിയൂര്‍ പൈപ്പ്‌ലൈന്‍ പാലം പൊളിഞ്ഞു വീണു. ഒരുവര്‍ഷം മുമ്പ് പണിത പാലമാണിത്. കോഴിക്കോട് മാവൂരില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തളിക്കുളം നമ്പിക്കടവില്‍ തെങ്ങ് വീണു മൂന്നുപേര്‍ക്ക് പരിക്കേറ്റു. പാലക്കാട് നെന്മാറയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. 82 കാരി അത്ഭുതകരമായി രക്ഷപ്പെട്ടു.
എളയാവൂരിൽ ദേശീയപാത നിർമാണ മേഖലയിൽ വീണ്ടും മണ്ണിടിഞ്ഞു. മരങ്ങൾ കടപുഴകി വീണു. ചമ്പാട് മേഖലയിൽ രണ്ട് വീടുകളുടെ മേൽക്കൂര തകർന്നു. വൈദ്യുതി തൂണുകളും നിലം പൊത്തി. കക്കാട് പുഴ കരകവിഞ്ഞതോടെ കക്കാട് മുണ്ടയാട് റോഡ് മുങ്ങി. തിരുവേഗപ്പുറയില്‍ തൂതപ്പുഴ കരകവിഞ്ഞു. സമീപത്തെ പാര്‍ക്കില്‍ വെള്ളം കയറി. അട്ടപ്പാടിയിൽ ഭവാനി പുഴ കരകവിഞ്ഞു. താവളം പാലം വെള്ളത്തിനടിയിലായി. ആലുവ തോട്ടക്കാട്ടുകരയില്‍ മരം കടപുഴകി ഇലക്ട്രിക് പോസ്റ്റിലേക്ക് വീണു. ചെമ്മണ്ണൂർ പാലം വെള്ളത്തനടിയിലായി. താവളം മുള്ളി റോഡിൽ ഗതാഗതം പൂർണ്ണമായി തടസപ്പെട്ടു.