ഉള്ളുലയ്ക്കും കാഴ്ചയായി ചൂരൽമല: മണ്ണിൽ പുതഞ്ഞ് ജീവന് വേണ്ടി നിലവിളി; സാഹസിക രക്ഷപ്പെടുത്തൽ


 

മലപ്പുറം: വയനാട്ടിലെ ദുരന്തഭൂമിയില്‍ നിന്ന് പുറത്തുവരുന്നത് ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങള്‍. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയില്‍ ചെളിയില്‍ പുതുഞ്ഞു കിടക്കുന്ന ആളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കരയ്‌ക്കെത്തിച്ചു. അരുണ്‍ കുമാര്‍ എന്നയാളാണ് മണിക്കൂറുകളോളം ചെളിയില്‍ പുതഞ്ഞു കിടന്നത്.

ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ മേഖല പൂര്‍ണമായി ഒറ്റപ്പെട്ടുപോയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്ത് എത്താന്‍ ഏറെ സമയം വേണ്ടിവന്നു. ഒരു ഭാഗത്ത് മലവെള്ളപ്പാച്ചില്‍ ശക്തമായി തുടരുന്നതും മഴയും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. നിരവധി വീടുകള്‍ ഉണ്ടായിരുന്ന സ്ഥലത്താണിപ്പോള്‍ ചെളിയും മണ്ണും കല്ലും നിറഞ്ഞിരിക്കുന്നത്. ഇതിനിടയിലാണ് ഒരാള്‍ കുടുങ്ങിയിരുന്നത്.

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത് കിലോമീറ്ററുകള്‍ അകലെ ചാലിയാര്‍ പുഴയിലാണ്. മലപ്പുറത്ത് ചാലിയാറിന്റെ ഭാഗങ്ങളില്‍ ഇതുവരെ കണ്ടെത്തിയത് 19 മൃതദേഹങ്ങളാണ്. പലതും ശരീരഭാഗങ്ങള്‍ നഷ്ടപ്പെട്ട നിലയിലായിരുന്നു. മൂന്നുവയസ്സുള്ള കുഞ്ഞും ഇതില്‍പ്പെടുന്നു.

ഇരുട്ടുകുത്തി, പോത്തുകല്ല്, തുടങ്ങിയ ഭാഗങ്ങളില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വനത്തിനുള്ളിലെ കുമ്പിളപ്പാറ കോളനി ഭാഗങ്ങളില്‍ അഞ്ച് മൃതദേഹങ്ങള്‍ കരയ്ക്ക് അടിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അഗ്‌നിരക്ഷാ സേനയ്ക്ക് ആ ഭാഗത്തേക്ക് കടക്കാനായിട്ടില്ല. കണ്ടെത്തിയ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Previous Post Next Post