ട്രംപിനെ നേരിടാൻ കമല; ഔദ്യോഗിക പ്രഖ്യാപനം ഡെമോക്രാറ്റിക് നാഷണൽ കൺവൻഷനിൽ



വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാവുക കമല ഹാരിസ് (59). നാമനിർദേശത്തിനായുള്ള ആദ്യദിന പ്രചാരണം കഴിയുമ്പോൾ ഇന്ത്യ–ആഫ്രിക്കൻ വംശജയായ കമല ഹാരിസിനെ 1976 ലേറെ പ്രതിനിധികൾ പിന്തുണച്ചതായാണു റിപ്പോർട്ട്.

വൈസ് പ്രസിഡന്‍റായ കമല ഹാരിസിനെ സ്ഥാനാർഥിയായി നിർദേശിച്ച ശേഷമാണ് മത്സര രംഗത്തു നിന്നു പിന്മാറുന്നതായി പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം അറിയിച്ചത്. തന്റെ വൈസ് പ്രസിഡന്റായി കമല ഹാരിസിനെ തെരഞ്ഞെടുത്തത് ഏറ്റവും ഉചിതമായ തീരുമാനമായിരുന്നെന്നും കമല ഹാരിസിനായി പ്രവർത്തിക്കുമെന്നും ബൈഡൻ പറഞ്ഞിരുന്നു. ബൈഡന്റെ അഭിപ്രായ പ്രകടനത്തിന് പിന്നാലെ പ്രസിഡഷ്യൽ തെരഞ്ഞെടുപ്പ് കാമ്പെയിന്റെ ധനസമാഹരണത്തിനായുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ അക്കൗണ്ടിന്റെ പേര് ഹാരിസ് ഫോർ പ്രസിഡന്റ് എന്നാക്കുകയും ചെയ്തിരുന്നു. ആദ്യ അഞ്ച് മണിക്കൂറിനുള്ളിൽ മാത്രം 4.67 കോടി ഡോളറിലധികം സംഭാവന ലഭിച്ചതായാണ് വിവരം.

ഷിക്കാഗോയിൽ ഓഗസ്റ്റ് 19 മുതൽ 22 വരെ നടക്കുന്ന ഡെമോക്രാറ്റിക് നാഷണൽ കൺവൻഷനിലാണ് ഔദ്യോഗിക പ്രഖ്യാപനം. രാജ്യത്തുടനീളമുള്ള 4,000 പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുക്കും. ഇന്ന് വൈറ്റ് ഹൗസിൽ നിന്ന് രാഷ്ട്രത്തോടു സംസാരിക്കുമെന്നു ബൈഡൻ അറിയിച്ചു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയിലെ ആദ്യത്തെ വനിത പ്രസിഡന്റും ബറാക് ഒബാമയ്ക്ക് ശേഷമുള്ള രണ്ടാമത്തെ കറുത്ത വർ​ഗക്കാരിയായ പ്രസിഡന്റുമാകും കമല ഹാരിസ്. ദക്ഷിണേഷ്യൻ വംശജയായ ആദ്യ വനിതാ പ്രസിഡന്റെന്ന റെക്കോർഡും കമല സ്വന്തമാക്കും.

Previous Post Next Post