'ബെയിലി പാലം നിര്‍മ്മിക്കാന്‍ സാമഗ്രികള്‍ എത്തും'; രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുമെന്ന് മന്ത്രി കെ രാജന്‍

കല്‍പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍.
ബെയിലി പാലം നിര്‍മ്മിച്ചാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സാധിക്കും. പാലം നിര്‍മ്മിക്കുന്നതിനുള്ള സാമഗ്രികള്‍ ബംഗളൂരുവില്‍ നിന്ന് ഉച്ചയോടെ എത്തും. പാലം നിര്‍മിച്ചാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാമെന്നും മന്ത്രി അറിയിച്ചു. 

കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 135 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 98 പേരെ കാണാതായെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ ബന്ധുക്കള്‍ ആരോഗ്യസ്ഥാപനങ്ങളില്‍ അറിയിച്ച കണക്കുകള്‍ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായത്.

ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം സൈന്യം രണ്ടാംദിനമായ ഇന്ന് രാവിലെ ആരംഭിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് തിരച്ചില്‍ നടത്താന്‍ കൂടുതല്‍ സൈന്യം രംഗത്തെത്തി. ചൂരല്‍മലയില്‍ നാലു സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം തിരിച്ചല്‍ നടത്തുന്നത്. അഗ്‌നിശമനസേനാംഗങ്ങളും തിരച്ചില്‍ നടത്തും.

ദുരന്തം ഏറ്റവും അധികം ബാധിച്ച ചൂരല്‍മലയില്‍ സൈന്യം രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. 4 സംഘങ്ങളായി 150 സൈനികരാണ് ചൂരല്‍മലയില്‍ രക്ഷാദൗത്യത്തിന് എത്തിയിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനാണ് ആദ്യപരി?ഗണന എന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന് പിന്തുണയുമായി സന്നദ്ധപ്രവര്‍ത്തകരുമുണ്ട്.
Previous Post Next Post