ബെർലിൻ: ഒരു അന്താരാഷ്ട്ര കിരീടം കൂടി നേടി മടങ്ങാമെന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്വപ്നം പാതിയിൽ അവസാനിച്ചു. പോർച്ചുഗൽ യൂറോ കപ്പിൽ നിന്നു സെമി കാണാതെ പുറത്ത്. രണ്ടാം ക്വാർട്ടർ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരിൽ ഫ്രാൻസ് 5-3നു പോർച്ചുഗലിനെ വീഴ്ത്തി. സെമിയിൽ സ്പെയിനാണ് ഫ്രാൻസിന്റെ എതിരാളികൾ. റൊണാൾഡോയുടെ അവസാന യൂറോ കപ്പാണിത്.
നിശ്ചിത, അധിക സമയങ്ങളിൽ ഗോൾ പിറന്നില്ല. ഇതോടെയാണ് പെനാൽറ്റി വിധി നിർണയിച്ചത്. പോർച്ചുഗൽ താരം ജാവോ ഫെലിക്സിന്റെ ഷോട്ടാണ് പാഴായത്. ഫ്രാൻസിനായി കിക്കെടുത്ത തിയോ ഹെർണാണ്ടസ്, ബ്രാഡ്‌ലി ബർക്കോള, ജുവൽസ് കുണ്ടെ, യൂസുഫ് ഫൊഫാന, ഒസ്മാൻ ഡംബലെ എന്നിവർ ലക്ഷ്യം കണ്ടു. പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ, ബെർണാഡോ സിൽവ, ന്യൂനോ മെൻഡസ് എന്നിവരാണ് വല ചലിപ്പിച്ചത്. മൂന്നാം കിക്കെടുത്ത ജാവോ ഫെലിക്‌സിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തു പോകുകയായിരുന്നു.
തുടക്കം മുതൽ ഇരു ടീമുകളും നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചു. ഫ്രഞ്ച് ഗോൾ കീപ്പർ മൈക്ക് മയ്ഗ്നാൻ മിന്നും സേവുകളുമായി അവരുടെ രക്ഷക്കെത്തി. പോർച്ചുഗൽ പ്രതിരോധവും കടുത്ത പൂട്ടുമായി നിന്നതോടെ ഫ്രാൻസിന്റെ ഗോൾ ശ്രമങ്ങളും വിഫലം.
കൃത്യമായ തന്ത്രമാണ് ഇരു ഭാഗവും കളത്തിൽ നടപ്പാക്കിയത്. രണ്ട് പക്ഷവും ആക്രമിച്ചു കളിച്ചു. 20ാം മിനിറ്റിൽ തിയോ ഹെർണാണ്ടസ്, 28ാം മിനിറ്റിൽ അന്റോയിൻ ഗ്രിസ്മാൻ എന്നിവരെല്ലാം ഗോളിനടുത്തെത്തി. പോർച്ചുഗൽ ഗോൾ കീപ്പർ ഡീഗോ കോസ്റ്റ മഹാമേരുവായി. ഒപ്പം പോർച്ചുഗൽ പ്രതിരോധവും അപകടം ഒഴിവാക്കി.
പോർച്ചുഗൽ കൗണ്ടർ അറ്റാക്കുകളാണ് കൂടുതൽ നടപ്പാക്കാൻ നോക്കിയത്. ഫ്രഞ്ച് പ്രതിരോധം ഈ ആക്രമണങ്ങളിൽ ആടിയുലഞ്ഞു. ആദ്യ പകുതിയിൽ പന്ത് കൈവശം വയ്ക്കുന്നതിൽ പോർച്ചുഗൽ വിജയിച്ചെങ്കിൽ ആക്രമണം കൂടുതൽ ഫ്രഞ്ച് വശത്തു നിന്നായിരുന്നു.
രണ്ടാം പകുതിയിൽ ഇരു പക്ഷവും തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ചു. 50ാം മിനിറ്റിൽ എംബാപ്പെയുടെ ഗോൾ ശ്രമം ഗോളി കോസ്റ്റ കൈയിലൊതുക്കി. പിന്നാലെ പോർച്ചുഗലിന്റെ തുടരൻ ആക്രമണങ്ങൾ. റാഫേൽ ലിയോയുടെ മുന്നേറ്റത്തിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഗോൾ ശ്രമവും മയ്ഗ്നൻ രക്ഷപ്പെടുത്തി. വിറ്റിന, റൊണാൾഡോ എന്നിവരും പിന്നാലെ ഗോളിനായി നോക്കി. അപ്പോഴും ഫ്രഞ്ച് ഗോളി ഇളകിയില്ല.
66 മിനിറ്റ് പിന്നിട്ടപ്പോൾ ഫ്രാൻസിനു ഒരു സുവർണാവസരം. എന്നാൽ കോലോ മുവാനിയുടെ ഷോട്ട് പോർച്ചുഗൽ പ്രതിരോധത്തിൽ തട്ടി അവസാനിച്ചു. പിന്നാലെ ഗ്രിസ്മാനു പകരം ഡെംബലെ കളത്തിലെത്തിയതോടെ ഫ്രഞ്ച് ആക്രമണം വർധിച്ചു. 70ാം മിനിറ്റിൽ കമവിംഗയ്ക്കും ഗോളവസരം തുറന്നു കിട്ടിയെങ്കിലും അതും പുറത്തു പോയി.
അവസാന ഘട്ടത്തിലും ഇരു ടീമുകളും കൊണ്ടു കൊടുത്തും മുന്നേറ്റം വർധിപ്പിച്ചെങ്കിലും ഗോൾ അകന്നു നിന്നു. മത്സരം അധിക സമയത്തേക്ക് നീണ്ടു. ഗോൾ മാത്രം അപ്പോഴും വന്നില്ല. ഒടുവിൽ പെനാൽറ്റിയിൽ പോർച്ചുഗലിന്റെ ഒരു ഷോട്ട് പിഴച്ചത് ഫ്രാൻസിന്റെ വിജയം നിർണയിച്ചു.