മുംബൈ: ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് കോച്ചായി നിയമിച്ചു. ട്വന്റി20 ലോകകപ്പിനു പിന്നാലെ രാഹുൽ ദ്രാവിഡ് രാജി വച്ച ഒഴിവിലേക്കാണു നിയമനം. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്. 58 ടെസ്റ്റിൽ 104 ഇന്നിങ്‌സിൽനിന്ന് 4154 റൺസും 147 ഏകദിനത്തിൽനിന്ന് 5238 റൺസും 37 ടി-20യിൽനിന്ന് 932 റൺസും ഗംഭീർ നേടിയിട്ടുണ്ട്.
ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കാൻ ഏറ്റവും യോഗ്യൻ ഗംഭീറാണെന്ന് ജയ് ഷാ പറഞ്ഞു. പുതിയ യാത്രയിൽ ഗംഭീറിനു പൂർണ പിന്തുണയേകാൻ ബിസിസിഐ ഉണ്ടാകുമെന്നും ജയ് ഷാ എക്സിൽ കുറിച്ചു.
അടുത്ത മൂന്നര വർഷത്തേക്കാണ് കരാർ. 2027 ഡിസംബർ 31 വരെയാണ് നിയമനം. കഴിഞ്ഞവർഷം നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയായിരുന്നു ദ്രാവിഡിന്റെ കാലാവധിയെങ്കിലും ക്രിക്കറ്റ് ബോർഡിന്റെ അഭ്യർഥനമാനിച്ച് ടി-20 ലോകകപ്പുവരെ ഇന്ത്യൻ മുൻ ക്യാപ്റ്റൻ തുടരുകയായിരുന്നു.
2011ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് ബാറ്റസ്മാനായിരുന്നു. ഗംഭീറിന്റെ മേൽ നോട്ടത്തിൽ കൊൽക്കത്ത ഐപിൽ ജേതാക്കളായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്റർ സ്ഥാനം രാജി വച്ചാണ് ഗംഭീർ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്.
2003 ഏപ്രിൽ 11ന് ബംഗ്ലദേശിനെതിരെ ഏകദിന മത്സരം കളിച്ചാണ് ഗംഭീർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. 2016ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ കളിച്ച് കരിയർ അവസാനിപ്പിച്ചു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ഡെയർ ഡെവിൾസ് ടീമുകൾക്കു വേണ്ടി കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിയുടെ താരമായിരുന്നു.