ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ മലയാളി ഡ്രൈവര്‍ അര്ജുന് വേണ്ടിയുള്ള തിരച്ചിലില്‍ റഡാറില്‍ ലോറി കണ്ടെത്താനായില്ല. മംഗളൂരുവില്‍ നിന്ന് എത്തിച്ച അത്യാധുനിക റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതുവരെ മണ്ണിനടിയില്‍ നിന്നും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. സൂറത്കല്‍ എന്‍ഐടി സംഘമാണ് പരിശോധന നത്തുന്നത്.
റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന ആറ് മണിക്കൂര്‍ പിന്നിട്ടു. റഡാറില്‍ വ്യക്തതയില്ലാത്ത മൂന്ന് സിഗ്നലുകള്‍ കിട്ടിയതായി ഉത്തരകന്നഡ ജില്ലാ കലക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു. ചെളി മൂടിയതിനാല്‍ സിഗ്നല്‍ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും കലക്ടര്‍ പറഞ്ഞു. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി ഇടയ്ക്ക് മഴ പെയ്യുന്നുണ്ട്.
അതേസമയം, തിരച്ചിലിന് സൈന്യത്തെ ഇറക്കണമെന്ന് അര്‍ജുന്റെ കുടുംബം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമമോദിക്ക് കുടുംബം കത്തയച്ചു. കര്‍ണാടകയുടെ രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസമില്ലെന്നും കേരളത്തില്‍ നിന്ന് ആളുകളെ അയക്കണണെന്നും തിരച്ചില്‍ നിര്ത്തിവയ്ക്കരുതെന്നും കുടുംബം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നേരത്തെ റഡാറില്‍ ലോറി ഉള്ള സ്ഥലം ലൊക്കേറ്റ് ചെയ്യാനായെന്ന സൂചന ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് ലോറിയല്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും എന്‍ഐടി വൃത്തങ്ങള്‍ അറിയിച്ചു. വന്‍പാറക്കല്ലുകളും മണ്ണിനൊപ്പമുണ്ട്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയും തിരച്ചില്‍ നടത്തുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ലോറി കണ്ടെത്തിയാല്‍ അവിടം കേന്ദ്രീകരിച്ച് മണ്ണ് മാറ്റി പരിശോധന നടത്താനാണ് തീരുമാനം.
റഡാര്‍ ഉപയോഗിച്ച് കൂടുതല്‍ ലൊക്കേഷനുകളില്‍ പരിശോധന നടത്തുകയാണ്. പുഴയിലും റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്താന്‍ തീരുമാനമുണ്ട്. റഡാര്‍ പരിശോധന ഗുണകരമാകുമെന്നാണ് കരുതുന്നതെന്നും കൂടുതല്‍ പേര് കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാന്‍ പുഴയിലും പരിശോധന നടത്തുമെന്നും ഉത്തര കന്നഡ എസ്പി നാരായണ പറഞ്ഞു.
കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമി സംഭവസ്ഥലത്തെത്തി. നിലവില്‍ സൈന്യം തിരിച്ചലിന് വരേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു. എന്‍ഡിആര്‍എഫ് അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കുമെന്നും കുമാരസ്വാമി പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും വൈകീട്ട് സംഭവസ്ഥലത്തെത്തും.
