തിരുവനന്തപുരം: കേരളത്തിന്റെ വികസനസ്വപ്‌നങ്ങൾക്ക് നിറച്ചാർത്തേകി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്ക് ആദ്യ മദർഷിപ്പ് എത്തി. കണ്ടെയ്‌നറുകളുമായി ചരക്കുകപ്പലായ സാൻ ഫെർണാണ്ടോ രാവിലെ ഒമ്പതുമണിയോടെ തീരമണഞ്ഞു. വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ സ്വീകരിച്ചു. ചെണ്ട കൊട്ടിയും ദേശീയപതാക വീശിയുമാണ് പ്രദേശവാസികൾ കപ്പലിനെ സ്വീകരിച്ചത്.
മദർഷിപ്പിന്റെ നിയന്ത്രണം തുറമുഖത്തിന്റെ ക്യാപ്റ്റൻ ഏറ്റെടുത്തു. രാവിലെ ഏഴരയോടെ കപ്പൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽനിന്നു പുറപ്പെട്ടിരുന്നു. കപ്പലിനെ സ്വീകരിക്കാനായി ഔട്ടർ ഏരിയയിലേക്ക് പോയ ടഗ് ബോട്ടുകൾക്കൊപ്പമാണ് കപ്പൽ വിഴിഞ്ഞത്തേക്ക് എത്തിയത്. തുറമുഖത്തെ ഉന്നത ഉദ്യോഗസ്ഥർ ടഗിലുണ്ടായിരുന്നു.
ബെർത്തിങ് ഫ്‌ലാഗ് ഓഫ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ഉച്ചയോടെ കപ്പലിലെ കണ്ടെയ്‌നറുകൾ ഇറക്കിത്തുടങ്ങും. കപ്പലിൽനിന്ന് ക്രെയിനിന്റെ സഹായത്തിൽ ഇറക്കുന്ന കണ്ടെയ്നറുകൾ ഇന്റർ ട്രാൻസിറ്റ് വെഹിക്കിളി(ഐടിവി)ൽ കയറ്റി യാർഡുകളിലേക്ക് മാറ്റും. ഒരുസമയം ഏഴായിരം കണ്ടെയ്നർ ഇറക്കിവയ്ക്കാനുള്ള യാർഡ് തുറമുഖത്തുണ്ട്. കണ്ടെയ്‌നർ ഇറക്കാനും കപ്പലിലേക്ക് കയറ്റാനുമായി 31 ക്രെയിനുകളുണ്ട്.
കപ്പലിന്റെ ഔദ്യോഗിക സ്വീകരണവും തുറമുഖത്തിന്റെ ട്രയൽ റണ്ണും നാളെ നടക്കും. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ പങ്കെടുക്കും. കണ്ടെയ്നർ ഇറക്കിയശേഷം വെള്ളിയാഴ്ച വൈകിട്ടോടെ സാൻ ഫെർണാണ്ടോ കപ്പൽ തിരിച്ചുപോകും. ശനിയാഴ്ച മുതൽ ഫീഡർ വെസലുകൾ വന്നുതുടങ്ങും.