കോട്ടയം: കോട്ടയത്തെ ആകാശപ്പാത പൊളിച്ചു നീക്കണമെന്ന സർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
തൃശ്ശൂരിലെയും കൊല്ലത്തെയും ആകാശപ്പാതകളുടെ നിർമാണം പൂർത്തിയായത് അവിടങ്ങളിൽ എൽ.ഡി.എഫ്. എം.എൽ.എമാർ ആയതിനാലാണ്. കോട്ടയത്ത് മാത്രം പൂർത്തിയാകാത്തതിന് കാരണം ഇവിടുത്തെ എം.എൽ.എ. കോൺഗ്രസിന്റെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണെന്നതാണ്, ചെന്നിത്തല പറഞ്ഞു.
ബജറ്റിൽ പണം ഉൾപ്പെടുത്തിയ ആകാശപ്പാത പദ്ധതി പോലും പൊളിച്ചു കളയണമെന്നാണ് മന്ത്രി പറയുന്നതെന്നും കൂട്ടിച്ചേർത്തു. 1.30 കോടി രൂപ ആകാശപ്പാതയ്ക്കു വേണ്ടി ഇതിനകം ചെലവാക്കി. ബാക്കി പണം അനുവദിക്കാതെ കഴിഞ്ഞ എട്ടുകൊല്ലമായി കോട്ടയത്തെ ജനങ്ങളെ ദുരിതത്തിലാക്കിയ സർക്കാർ, ജനങ്ങളോട് മറുപടി പറയണം. കൊല്ലത്തെയും തൃശ്ശൂരിലെയും ആകാശപാത പൂർത്തീകരിക്കാം. അതിനൊന്നും ഒരു സാങ്കേതിക തടസ്സവുമില്ല. കോട്ടയത്തെ പാത മാത്രമാണ് പൂർത്തീകരിക്കാതിരിക്കുന്നത്. അതിന് പിന്നിൽ രാഷ്ട്രീയമാണെന്നും ആരോപിച്ചു.
നമ്മൾ ഇനി ഒന്നര വർഷം മാത്രം കാത്തിരുന്നാൽ മതിയെന്നും സർക്കാർ മാറുമെന്നും പറഞ്ഞ ചെന്നിത്തല ആണുങ്ങൾ വന്ന് ആകാശപ്പാത പൂർത്തിയാക്കുമെന്നും കൂട്ടിച്ചേർത്തു. ആരെങ്കിലും പൊളിക്കാൻ ശ്രമിച്ചാൽ ഞങ്ങൾ എതിർക്കുമെന്നും' ചെന്നിത്തല പറഞ്ഞു.