ആദായനികുതി ഇളവ് പരിധി 75,000 രൂപയാക്കി ഉയര്‍ത്തി; പുതിയ ടാക്‌സ് സമ്പ്രദായത്തില്‍ മൂന്ന് ലക്ഷം രൂപ വരെ നികുതിയില്ല, പരിഷ്‌കരിച്ച ഘടന ഇങ്ങനെ

 


പുതിയ ആദായ നികുതി ഘടന സ്വീകരിക്കുന്നവര്‍ക്ക് ആനുകൂല്യം. ആദായനികുതി ഇളവ് പരിധി( സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50000 രൂപയില്‍ നിന്ന് 75000 രൂപയാക്കി ഉയര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ബജറ്റ് അവതരണ വേളയിലായിരുന്നു പ്രഖ്യാപനം.

പുതിയ നികുതി സ്‌കീം അനുസരിച്ച് വ്യക്തിഗത ആദായനികുതി നിരക്ക് ഘടന പരിഷ്‌കരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. മൂന്ന് ലക്ഷം രൂപ വരെ ഇനി നികുതി ഇല്ല. മൂന്ന് മുതല്‍ ഏഴു ലക്ഷം രൂപ വരെ അഞ്ചുശതമാനമായിരിക്കും നികുതി. ഏഴു ലക്ഷം മുതല്‍ പത്തുലക്ഷം രൂപ വരെ പത്തുശതമാനവും പത്തുലക്ഷം മുതല്‍ പന്ത്രണ്ട് ലക്ഷം രൂപ വരെ 15 ശതമാനവും 12 ലക്ഷം രൂപ മുതല്‍ പതിനഞ്ച് ലക്ഷം രൂപ 20 ശതമാനവും 15 ലക്ഷം രൂപയ്ക്ക് മുകളില്‍ 30 ശതമാനവുമായിരിക്കും നികുതിയെന്നും ധനമന്ത്രി അറിയിച്ചു.

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ കുറയ്ക്കുമെന്ന് ബജറ്റ് നിര്‍ദേശം. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറുശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. നേരത്തെ 15 ശതമാനമായിരുന്നു ഇറക്കുമതി തീരുവ. പ്ലാറ്റിനത്തിന് ആറര ശതമാനമായി കുറയ്ക്കുമെന്നും ധനമന്ത്രി അറിയിച്ചു. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറയ്ക്കണമെന്ന് സ്വര്‍ണ വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു.

മൂന്ന് കാന്‍സര്‍ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാന്‍ ബജറ്റ് നിര്‍ദേശം. എക്‌സറേ ട്യൂബുകള്‍ക്ക് തീരുവ കുറയ്ക്കും. മൊബൈല്‍ ഫോണുകള്‍ക്കും ചാര്‍ജറുകള്‍ക്കും വില കുറയും. ഇവയുടെ കസ്റ്റംസ് തീരുവ 15 ശതമാനമാക്കി കുറയ്ക്കാനാണ് ബജറ്റ് നിര്‍ദേശം.

Previous Post Next Post