കൊച്ചി: ഇൻസ്റ്റഗ്രാമിൽ റീൽസ് കണ്ട് അശ്ലീല സന്ദേശമയച്ച യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ആലപ്പുഴ സ്വദേശിനി ജസ്ലി, ആലുവ സ്വദേശി അഭിജിത്, നിലമ്പൂർ സ്വദേശി സൽമാൻ എന്നിവരാണ് അറസ്റ്റിലായത്.
അശ്ലീല സന്ദേശമയച്ചതിന് പൊലീസിൽ പരാതി നൽകിയ ശേഷം മൂവാറ്റുപുഴ സ്വദേശിയായ യുവാവിൽ നിന്ന് കേസ് ഒത്തുതീർപ്പാക്കാൻ 20 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. അഞ്ച് ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ യുവാവിൽ നിന്ന് ആദ്യ ഗഡുവായി രണ്ടുലക്ഷം രൂപ തട്ടി.
കഴിഞ്ഞ ദിവസമാണ് ആലപ്പുഴ സ്വദേശിയായ യുവതി ഒരു സിനിമയെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഈ റീൽസ് കണ്ട മുവാറ്റുപുഴ സ്വദേശിയായ യുവാവ് യുവതിക്ക് സ്വകാര്യമായി അശ്ലീല സന്ദേശം അയക്കുകയായിരുന്നു.
ഇക്കാര്യം ചൂണ്ടികാട്ടി യുവതി ഏലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ സംഭവത്തിൽ സ്വമേധയാൽ കേസെടുക്കാൻ പൊലീസിന് കഴിയാത്തതിനാൽ കോടതിയിൽ റിപ്പോർട്ട് നൽകി. ഇതിനായി പൊലീസ് റിപ്പോർട്ട് കോടതിക്ക് നൽകുകയും ചെയ്തു.
ഇതിനിടെയാണ് കേസ് ഒത്തുതീർപ്പാക്കുന്നതിന് 20 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് യുവാവിനെയും കുടുംബത്തെയും യുവതിയും രണ്ട് സുഹൃത്തുക്കളും ചേർന്ന് ഭീഷണിപ്പെടുത്തുന്നത്. തുടർന്ന് ചർച്ചകൾക്കൊടുവിൽ അഞ്ച് ലഷം രൂപ നൽകാമെന്ന് കുടുംബം സമ്മതിച്ചു. രണ്ട് ലക്ഷം രൂപ ആലുവ സ്വദേശിയായ അഭിജിത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചിരുന്നു.
മുവാറ്റുപുഴ സ്വദേശിയായ യുവാവിന്റെ സഹോദരിയുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. സഹോദരിക്ക് നൽകിയ സ്വർണം ഉൾപ്പെടെ പണയപ്പെടുത്തി ബാക്കി മൂന്ന് ലക്ഷം രൂപ നൽകാൻ കുടുംബം തയാറെടുക്കുകയായിരുന്നു. ഇക്കാര്യം പൊലീസ് അറിയുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. തുടർന്നാണ് യുവതി ഉൾപ്പെടുന്ന മൂവർ സംഘം അറസ്റ്റിലാകുന്നത്. സിനിമ രംഗവുമായി ബന്ധപ്പെട്ട ആവശ്യത്തിന് 20 ലക്ഷം രൂപ വേണമായിരുന്നു. ഇതിനായാണ് പണം ചോദിച്ചതെന്നാണ് പ്രതികൾ പൊലീസിൽ നൽകിയിരിക്കുന്ന മൊഴി.
