ലോകകപ്പിൽ അട്ടിമറികൾ തുടരുന്നു; ന്യൂസിലൻഡിനെ വീഴ്ത്തി അഫ്ഗാനിസ്ഥാൻ


 

പ്രൊവിഡൻസ്: ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ. അഫ്ഗാൻ ഉയർത്തിയ 159 റൺസ് പിന്തുടർന്ന ന്യൂസിലൻഡ് 15.2 ഓവറിൽ 75 റൺസിൽ ഓൾ ഔട്ടായി. 84 റൺസിനാണ് അഫഗാനിസ്ഥാന്റെ ജയം. 18 പന്തിൽ 18 റൺസെടുത്ത ഗ്ലെൻ ഫിലിപ്‌സും 17 പന്തിൽ 12 റൺസെടുത്ത മാറ്റ് ഹെന്റിയുമാണ് ന്യൂസിലൻഡ് നിരയിൽ രണ്ടക്കം കടന്നത്.


മറുപടി ബാറ്റിങ്ങിൽ ഇന്നിങ്‌സിലെ ആദ്യ പന്തിൽ തന്നെ ന്യൂസിലൻഡിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഫിൻ അലനാണ് റൺസൊന്നും എടുക്കാതെ പുറത്തായത്. ഫാറൂഖിക്കായിരുന്നു വിക്കറ്റ്. പിന്നീട് 18 ന് രണ്ട്, 28-3,33-4,43-5,43-6, 57-7 എന്നിങ്ങനെ വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ ന്യൂസിലൻഡ് 15.2 ഓവറിൽ എല്ലാവരും ഓൾ ഔട്ടാകുകയായിരുന്നു. 3.2 ഓവർ എറിഞ്ഞ് 17 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ഫാറൂഖിയും നാലോവറിൽ 17 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ റാഷിദ് ഖാനുമാണ് ന്യൂസിലൻഡിനെ തകർച്ചയിലേക്ക് തള്ളിവിട്ടത്.

ടോസ് നേടിയ ന്യൂസിലൻഡ് അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 56 പന്തിൽ 80 റൺസ് നേടിയ ഗർബാറിന്റെ മികച്ച ഇന്നിങ്‌സാണ് അഫ്ഗാന് കരുത്തായത്. 41 പന്തിൽ 44 റൺസ് നേടി ഇബ്രാഹിം സാദ്രാനും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. ഗർബാസും സാദ്രാനും ഒന്നാം വിക്കറ്റിൽ ചേർത്ത 103 റൺസ് കൂട്ടുകെട്ടാണ് അഫ്ഗാൻ ഇന്നിങ്‌സിന് നട്ടെല്ലായത്. കിവീസിനായി ബോൾട്ട്, ഹെന്റി എന്നിവർ രണ്ടും ഫൊർഗൂസൺ ഒരു വിക്കറ്റും നേടി.

Previous Post Next Post