രാധാകൃഷ്ണന് പകരം ഒ ആര്‍ കേളു മന്ത്രിയാകും?; ചേലക്കരയില്‍ യു ആര്‍ പ്രദീപിന് സാധ്യത



 തിരുവനന്തപുരം: കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവില്‍ മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടു തവണ എംഎല്‍എയായ കേളു നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നുള്ള ആളുമാണ്. സിപിഎം സംസ്ഥാന സമിതിയില്‍ ഇടംനേടുന്ന പട്ടിക വര്‍ഗത്തില്‍ ആദ്യ നേതാവു കൂടിയാണ് ഒ ആര്‍ കേളു.

കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജിന്‍, ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ദേവ്, തരൂര്‍ എംഎല്‍എ പിപി സുമോദ്, കോങ്ങാട് എംഎല്‍എ ശാന്തകുമാരി തുടങ്ങിയവരും പരിഗണിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. സിപിഎമ്മിന് എട്ട് എംഎല്‍എമാരാണ് പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തിലുള്ളത്.

കെ രാധാകൃഷ്ണന്‍ രാജിവെച്ചതിനെത്തുടര്‍ന്ന് ചേലക്കര അസംബ്ലി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ യു ആര്‍ പ്രദീപ് സിപിഎം സ്ഥാനാര്‍ത്ഥിയായേക്കുമെന്നും ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചേലക്കരയില്‍ നിന്നും ഒരു തവണ പ്രദീപ് നിയമസഭാംഗമായിട്ടുണ്ട്. യു ആര്‍ പ്രദീപ് നിലവില്‍ എസ് സി-എസ് ടി കോര്‍പ്പറേഷന്‍ ചെയര്‍മാനാണ്.

Previous Post Next Post