ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ മറ്റു പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ ബിജെപി ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി എൻഡിഎ യോഗം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് യോഗം.
ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറിനെയും ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ലോക്‌സഭയിൽ ഒരു പാർട്ടിക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും നിലപാടുകൾ നിർണായകമാണ്. അധികാരം നഷ്ടപ്പെടാതിരിക്കാൻ പരമാവധി വിട്ടുവീഴ്ചയ്ക്ക് ബിജെപി തയ്യാറാകും.
മന്ത്രിസഭ രൂപീകരണത്തിൽ നിതീഷ് കുമാർ മറുപടി പറയാത്തതിൽ ബിജെപിക്കിടയിലും ആശങ്കയുണ്ട്. ബിജെപി നേതാക്കൾ നടത്തിയ ചർച്ചയിൽ നിതീഷ് നിലപാട് അറിയിച്ചിട്ടില്ല. ഇന്ന് നടക്കുന്ന എൻഡിഎ യോഗത്തിൽ നിതീഷ് പങ്കെടുക്കുന്നുണ്ട്. വടക്കുകിഴക്കൻ മേഖലയിലെ ഏഴു സ്വതന്ത്രർ എൻഡിഎയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
400 ലധികം സീറ്റുകളെന്ന അവകാശവാദവുമായി പ്രചാരണ രംഗത്തിറങ്ങിയ മോദിക്കേറ്റ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. 272 എന്ന മാന്ത്രിക സംഖ്യക്ക് അടുത്തെത്താൻ പോലും ബിജെപിക്കായില്ല. 240 സീറ്റുകളാണ് ബിജെപിക്ക് ഒറ്റയ്ക്ക് നേടാനായത്. നാനൂറ് കടക്കുമെന്ന് പ്രഖ്യാപിച്ച മോദിക്ക് എൻഡിഎയെ മുന്നൂറ് കടത്താൻ പോലും കഴിഞ്ഞില്ല. വർഗീയ സംഘർഷം നടന്ന മണിപ്പൂരിൽ ബിജെപിക്ക് വൻ തിരിച്ചടിയേറ്റു. കഴിഞ്ഞ തവണ 4,79000 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ നരേന്ദ്രമോദിയുടെ ഭൂരിപക്ഷം ഇക്കുറി ഒന്നര ലക്ഷമായി കുത്തനെ കുറയുകയും ചെയ്തത് ബിജെപിക്ക് വൻ ക്ഷീണമാണ്.