അടിതെറ്റിയ മന്ത്രിപ്പട; പരാജയപ്പെട്ടത് 14 കേന്ദ്രമന്ത്രിമാർ



ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപിയുടെ 14 കേന്ദ്രമന്ത്രിമാരാണ് പരാജയപ്പെട്ടത്. അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാജയമാണ് ബിജെപിയെ ഞെട്ടിച്ചത്. രാഹുൽ മത്സരിക്കാൻ സന്നദ്ധനാകാതിരുന്നതോടെ, കോൺഗ്രസ് രം​ഗത്തിറക്കിയ കിഷോരിലാൽ ശർമ്മയോടാണ് സ്മൃതി തോറ്റത്. കിഷോരിലാലിന്റെ സ്ഥാനാർത്ഥിത്വത്തെ പുച്ഛിച്ച സ്മൃതി ഇറാനി ഒന്നര ലക്ഷത്തിലേറെ വോട്ടുകൾക്കാണ് പരാജയമടഞ്ഞത്.

ബിജെപി കേരളത്തിൽ മത്സരത്തിനിറക്കിയ രണ്ടു കേന്ദ്രമന്ത്രിമാരും പരാജയപ്പെട്ടു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനും ആറ്റിങ്ങലിൽ വി മുരളീധരനും ജയം കൈപ്പിടിയിലാക്കാനായില്ല. രണ്ടു മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്. അതേസമയം അവസാന ലാപ്പു വരെ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന പ്രതീതി നിലനിർത്തിയിരുന്നു. തോറ്റെങ്കിലും ആറ്റിങ്ങലിൽ വി മുരളീധരനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

കേന്ദ്ര കൃഷി മന്ത്രി അജയ് മുണ്ട ഖുന്തിയിലും കേന്ദ്രമന്ത്രി അജയ് മിശ്ര തേനി ലഖിംപൂർ ഖേരിയിലും പരാജയപ്പെട്ടു. കൈലാഷ് ചൗധരി ( ബാർമർ), സുഭാസ് സർക്കാർ (ബങ്കുര), എൽ മുരുഗൻ ( നീലഗിരി), നിസിത് പ്രാമാണിക് ( കൂച്ച് ബിഹാർ), സഞ്ജീവ് ബല്യാൺ ( മുസാഫർ നഗർ), മഹേന്ദ്രനാഥ് പാണ്ഡെ ( ചന്ദൗലി), കൗശൽ കിഷോർ ( മോഹൻലാൽ ഗഞ്ച്), ഭഗവന്ത് ഖൂബ ( ബിദാർ), രാജ് കപിൽ പാട്ടീൽ ( ഭിവാൻഡി) തുടങ്ങിയവരാണ് പരാജയപ്പെട്ട മറ്റു ബിജെപി മന്ത്രിമാർ.

മുൻ കേന്ദ്രമന്ത്രി മേനക ഗാന്ധിയും പരാജയപ്പെട്ട പ്രമുഖരിൽ ഉൾപ്പെടുന്നു. തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ, തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ, കേരള ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രൻ തുടങ്ങിയവർ പരാജയം നേരിട്ട ബിജെപി സ്ഥാനാർത്ഥികളിൽപ്പെടുന്നു. 400 ലധികം സീറ്റെന്ന അവകാശവാദവുമായി തെരഞ്ഞെടുപ്പിന് ഇറങ്ങിയ ബിജെപിയ്ക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം തികയ്ക്കാനായില്ല. 240 സീറ്റുകളാണ് ബിജെപിക്ക് ഒറ്റയ്ക്ക് നേടാനായത്.

Previous Post Next Post