കണ്ണൂർ: ബിജെപി പ്രവർത്തകന്റെ വീട്ടിൽ രാത്രി മണ്ഡലം കമ്മിറ്റി യോഗം നടക്കുന്നതിനിടെ സിപിഎം പ്രവർത്തകരെത്തി തടഞ്ഞുവച്ച് കയ്യേറ്റം ചെയ്തതായി പരാതി. ഇവിടെ ആയുധപരിശീലനം നടത്തുന്നുവെന്ന് ആരോപിച്ചാണ് നൂറിലേറെ പ്രവർത്തകരെത്തി വീട് വളഞ്ഞത്. ഈ വീടിന്റെ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ആയുധങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീടുവളഞ്ഞ് ബിജെപി പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ആറ് സിപിഎം പ്രവർത്തകരെയും കണ്ടാലറിയാവുന്ന 100 പേരെയും പ്രതിചേർത്ത് പയ്യന്നൂർ പൊലീസ് കേസെടുത്തു. അതേസമയം ആയുധങ്ങൾ കണ്ടെടുത്തതിന് സ്വമേധയാ കേസെടുത്ത പൊലീസ് ആരെയും പ്രതിചേർത്തിട്ടില്ല. വ്യാഴാഴ്ച രാത്രിയാണ് കുണിയനിൽ കുണ്ടത്തിൽ ബാലന്റെ വീട്ടിൽ ഇരുപത്തഞ്ചോളം ബിജെപി പ്രവർത്തകർ ഒത്തുചേർന്നത്.
ആയുധപരിശീലനം നടക്കുന്നെന്ന് ആരോപിച്ച് രാത്രി എട്ട് മണിയോടെ സിപിഎം പ്രവർത്തകർ വീടു വളയുകയായിരുന്നു. അകത്തുണ്ടായിരുന്നവരെ പിന്നീട് പൊലീസ് എത്തിയാണ് രക്ഷിച്ചത്. തുടർന്ന് വെള്ളിയാഴ്ച രാവിലെ ബാലന്റെ വീട്ടുവളപ്പിൽ ചാക്കിൽ കെട്ടിയ ആയുധങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് വീട്ടുകാർ പൊലീസിൽ അറിയിച്ചു. രണ്ട് ഇരുമ്പ് പൈപ്പുകളും ഓരോ വാളും കത്തിയുമാണു കണ്ടെത്തിയത്. ഇവ സിപിഎമ്മുകാർ വീട്ടുവളപ്പിൽ ഉപേക്ഷിച്ചതാണെന്നു ബിജെപി ആരോപിച്ചു.