കൊൽക്കത്ത: ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം സുനിൽ ഛേത്രിക്ക് ഇന്ന് കരിയറിലെ അവസാന മത്സരം. കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിക്കും. കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ രാത്രി ഏഴു മണിക്കാണ് മത്സരം.
ചൊവ്വാഴ്ച സെന്റർ ഓഫ് എക്സലൻസിൽ പരിശീലനത്തിനെത്തിയപ്പോഴും നിരവധി ആരാധകർ ഛേത്രിയെ കാണാനെത്തി. 'ഞങ്ങൾക്കു നിങ്ങളെ മിസ്സ് ചെയ്യും ഛേത്രി' എന്നർഥം വരുന്ന ബംഗാളി വാചകം 'അമ്ര ഛേത്രിർ കേല മിസ്സ് കോർബോ ഖൂബ്' ആരാധകരിൽനിന്ന് പലതവണ ഉയർന്നുപൊങ്ങി.
''ഇത് എന്നെ കുറിച്ചും എന്റെ അവസാന മത്സരത്തെ കുറിച്ചുമല്ല പറയുന്നത്. കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം ജയിക്കുക എന്നതാണ് ലക്ഷ്യം. അത് എളുപ്പമാകില്ലെന്ന് അറിയാമെങ്കിലും നിങ്ങൾ നൽകുന്ന അകമഴിഞ്ഞ പിന്തുണയിൽ എതിരാളിയെ നേരിടാൻ ഞങ്ങൾ തയ്യാറാണ്. മത്സരം ജയിക്കാനായാൽ ലോകകപ്പ് യോഗ്യത സജീവമാകും'' മത്സരത്തിന് മുന്നെയുള്ള വാർത്താസമ്മേളനത്തിൽ സുനിൽ ഛേത്രി പറഞ്ഞു.
മെയ് 16നാണ് ആരാധകരെ പോലും ഞെട്ടിച്ചു കൊണ്ട് സുനിൽ ഛേത്രി ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 39-കാരനായ താരം 2005-ലാണ് ഇന്ത്യൻ സീനിയർ ടീമിൽ അംഗമായത്. 150 മത്സരങ്ങളിൽ നിന്ന് 94 ഗോളുകൾ നേടി.