'മുഖ്യമന്ത്രി മാറാതെ തിരിച്ചു വരവ് എളുപ്പമല്ല'; സിപിഐ യോഗങ്ങളിൽ രൂക്ഷവിമർശനം



തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെതിരെ സിപിഐ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലും ആലപ്പുഴ ജില്ലാ കൗൺസിൽ യോഗത്തിലും രൂക്ഷ വിമർശനം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ പെരുമാറ്റമാണ് ഇടതുമുന്നണിയുടെ പരാജയത്തിന് കാരണമെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും മുഖ്യമന്ത്രി ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം തുടരുകയാണ്. നേതാക്കൾ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി മാറാതെ തിരിച്ചു വരവ് എളുപ്പമല്ല. അതു പറയാനുള്ള ആർജ്ജവം സിപിഐ നേതൃത്വം കാണിക്കണമെന്നും നേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫ് കൺവീനർ ബിജെപി നേതാവിനെ കണ്ടതും തിരിച്ചടിയായി. സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും സർക്കാർ വെറുപ്പിച്ചു. തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അലയടിച്ചത് മുഖ്യമന്ത്രിക്കെതിരായ വികാരമാണെന്നും ആലപ്പുഴയിലെ യോഗത്തിൽ വിമർശനം ഉയർന്നു.

തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ നിയമത്തെ മുൻനിർത്തി നടത്തിയ യോഗങ്ങളിൽ എല്ലാ ജില്ലകളിലും മുസ്ലിം സമുദായത്തെ മാത്രം പ്രീണിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. എന്നാൽ ഈ സമുദായത്തിന്റെ വോട്ട് എൽഡിഎഫിന് ലഭിച്ചില്ല. ഹിന്ദുക്കൾ അടക്കമുള്ള മറ്റ് സമുദായങ്ങൾ ഇടതുമുന്നണിയിൽ നിന്ന് അകലുകയും ചെയ്തു. എല്ലാ മതങ്ങളേയും ഒരുമിച്ച് നിർത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു.


ബിജെപിയുടെ വളർച്ച ഗൗരവമായി കാണണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. എൽഡിഎഫിന്റെ വോട്ടുകളും ബിജെപിയിലേക്ക് പോയി. ഈഴവ സമുദായം എൽഡിഎഫിൽ നിന്ന് അകന്നു. എൽഡിഎഫിന് മേൽക്കൈ ഉണ്ടായിരുന്ന പല ബൂത്തുകളിലും ബിജെപിക്ക് വോട്ട് കൂടിയിട്ടുണ്ട്. എല്ലാ മതങ്ങളേയും സമുദായങ്ങളേയും ഒരുമിച്ച് കൊണ്ടു പോകേണ്ട അനുരഞ്ജനത്തിന്റെ വഴിയാണ് ഇടതുമുന്നണിക്ക് വേണ്ടതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.


Previous Post Next Post