ലോകകപ്പിൽ ഇന്ന് ഇന്ത്യ-ഇം​ഗ്ലണ്ട് സെമി പോരാട്ടം



 ഗയാന: കഴിഞ്ഞ ടി20 ലോകകപ്പിന്റെ ആവര്‍ത്തനമാണ് രണ്ടാം സെമിയില്‍ ഇത്തവണ വീണ്ടും നടക്കുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും ഒരിക്കല്‍ കൂടി ടി20 ലോകകപ്പിന്റെ സെമിയില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മത്സരം ത്രില്ലറാകുമെന്ന് ഉറപ്പ്.

സൂപ്പര്‍ 8ല്‍ തുടരെ മൂന്ന് മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് ഇന്ത്യ നില്‍ക്കുന്നത്. ഇംഗ്ലണ്ട് ഒരു മത്സരം തോറ്റെങ്കിലും രണ്ട് വിജയങ്ങളുമായാണ് സെമി ഉറപ്പിച്ചത്.

കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ഇന്ത്യയെ 10 വിക്കറ്റിനു വീഴ്ത്തിയാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്. പിന്നാലെ വീണ്ടും അവര്‍ ലോക കിരീടത്തില്‍ മുത്തമിടുകയും ചെയ്തു.

ഇത്തവണ പക്ഷേ ഇംഗ്ലണ്ടിനു കാര്യങ്ങള്‍ അത്ര എളുപ്പം ആകില്ല. കാരണം നിര്‍ഭയമായി, അപരാജിതരായി കുതിച്ചെത്തിയ ഇന്ത്യയാണ് അവര്‍ക്ക് നേരിടേണ്ടത്. ഓസ്‌ട്രേലിയയെ അടപടലം തകര്‍ത്തെറിഞ്ഞതിന്റെ അധിക ആത്മവിശ്വാസവും ഇന്ത്യക്കുണ്ട്.

ഓസ്‌ട്രേലിയയെ തച്ചു തകര്‍ത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കത്തും ഫോമാണ് ഇന്ത്യക്ക് വലിയ പ്രതീക്ഷ സമ്മാനിക്കുന്നത്. ഒപ്പം ബൗളിങില്‍ ബുംറയുടെ മാരക പേസും ഇംഗ്ലണ്ടിനെ പരീക്ഷിക്കും.

ഇന്ത്യ ഇലവനില്‍ മാറ്റം വരുത്താന്‍ ഒരു സാധ്യതയും നിലവില്‍ കാണുന്നില്ല. ഗയാനയിലെ പിച്ച് പേസര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും ഒരുപോലെ പിന്തുണ നല്‍കുന്നതാണ്. ബുംറയ്‌ക്കൊപ്പം, നോക്കൗട്ടില്‍ ഇന്ത്യന്‍ ബൗളിങിനു കരുത്തും വൈവിധ്യവും സമ്മാനിക്കുന്ന കുല്‍ദീപ് യാദവിന്റെ സ്പിന്നും ഇംഗ്ലണ്ടിനു വെല്ലുവിളി തീര്‍ക്കും.

ജയിക്കുന്നവര്‍ക്ക് ദക്ഷിണാഫ്രിക്കയാണ് ഫൈനലിലെ എതിരാളികള്‍. അട്ടിമറി വീരന്‍മാരായ അഫ്ഗാനിസ്ഥാനെ സെമിയില്‍ അനായാസം തകര്‍ത്താണ് പ്രോട്ടീസിന്‍റെ 32 വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിച്ചത്.

Previous Post Next Post