ചരിത്രപരമായ ഉത്തരവിറക്കിക്കൊണ്ടാണ് ആലത്തൂരില്‍നിന്ന് എം പിയായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസ്ഥാനമൊഴിഞ്ഞ കെ രാധാകൃഷ്ണന്റെ പടിയിറക്കം.
പട്ടിക വിഭാഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങള്‍ കോളനികള്‍ എന്നറിയപ്പെടുന്നതു മാറ്റാനാണ് തീരുമാനം.
കോളനി എന്ന അഭിസംബോധന അവമതിപ്പും താമസക്കാരില്‍ അപകര്‍ഷതാബോധവും സൃഷ്ടിക്കുന്നതിനാലാണ് പേരുമാറ്റം. പുതിയ ഉത്തരവിനനുസരിച്ച് കോളനികള്‍ ഇനി നഗര്‍ എന്നറിയപ്പെടും. സങ്കേതം എന്ന പേര് ഉന്നതി എന്നും ഊര് പ്രകൃതി എന്നുമാക്കി. ഓരോ പ്രദേശത്തും താല്‍പ്പര്യമുള്ള കാലാനുസൃതമായ പേരുകളും ഉപയോഗിക്കാം. തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വ്യക്തികളുടെ പേരിടുന്നത് പരമാവധി ഒഴിവാക്കാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.
ഉന്നതി എംപവര്‍മെന്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നോളജ് സിറ്റി പ്രഖ്യാപനവുമായിരുന്നു മന്ത്രി എന്ന നിലയിലെ അദ്ദേഹത്തിന്റെ അവസാന പരിപാടി. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്താതെ അവരെ സംരംഭകരാക്കി വളര്‍ത്തുക കൂടിയാണ് ഉന്നതി പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മികച്ച പഠനം നേടിയവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി ഉണ്ടാക്കുകയാണ് ഉന്നതി പദ്ധതിയിലൂടെ ചെയ്യുന്നത്.
691 പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ വിദേശ സര്‍വകലാശാലകളില്‍ അയച്ച് പഠിപ്പിക്കാന്‍ സാധിച്ചു. 255 കുട്ടികള്‍ ഈ സെപ്റ്റംബറില്‍ വിദേശത്തേക്ക് പോകുന്നുണ്ട്. 150 ഗോത്രവര്‍ഗ്ഗ കുട്ടികള്‍ എയര്‍ഹോസ്റ്റസുമാരായി ജോലി ചെയ്യുന്നു. ഗോത്രവര്‍ഗ്ഗ യുവാക്കളെ പൈലറ്റുമാരാക്കുന്നതിനുള്ള വിംഗ്‌സ് പദ്ധതിയിലൂടെ കൂടുതല്‍ പൈലറ്റുമാരെ ഇനിയും സൃഷ്ടിക്കും. അന്താരാഷ്ട്ര വിമാനം പറത്തുന്നതിനുള്ള പരിശീലനം നേടുന്നതിന് അഞ്ച് കുട്ടികള്‍ക്ക് പ്രത്യേക സാമ്ബത്തിക സഹായവും നല്‍കി. 1285 കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിച്ചു. 17 കേന്ദ്രങ്ങളില്‍ കൂടി വൈദ്യുതി എത്തിയാല്‍ 100% വൈദ്യുതീകരിക്കപ്പെട്ട ആദ്യ സംസ്ഥാനമായി കേരളം മാറും. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാല്‍ സാമ്ബത്തിക പ്രതിസന്ധി കുറച്ച് പ്രയാസം ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.