രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനും തീരുമാനമായി. വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ആയത്.
വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. ഏഴു കേന്ദ്രമന്ത്രിമാരെ തോല്‍പ്പിച്ച് ഇന്ത്യ സഖ്യം യുപിയില്‍ മികച്ച വിജയം തേടിയതോടെ സംസ്ഥാനത്തെ പാര്‍ട്ടി പുനരുജ്ജീവിക്കാനാണ് രാഹുലിന്റെ ശ്രമം. യുപിയില്‍ 17 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ആറ് സീറ്റില്‍ വിജയിച്ചിരുന്നു.
രാഹുല്‍ വയാനാട് ഒഴിയുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ സൂചന നല്‍കിയിരുന്നു. ഇരു മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സന്തോഷം തരുന്ന തീരുമാനമെടുക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.