കപ്പിലേക്ക് അകലം ഇനി ഒരു മത്സരം മാത്രം; പ്രതീക്ഷയോടെ ഇന്ത്യ; ട്വന്റി ട്വന്റി ലോകകപ്പ് ഫൈനൽ ഇന്ന് രാത്രി 8ന്


 

ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക കലാശപ്പോര് ഇന്ന്. പ്രഥമ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ആദ്യമായി ഫൈനലിലെത്തുന്ന ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെയാണ് സെമിയില്‍ തോല്‍പ്പിച്ചത്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ രാത്രി എട്ട് മണി മുതലാണ് മത്സരം.

ലോകകപ്പിലെ മറ്റ് മത്സരങ്ങള്‍ക്ക് സമാനമായി ഫൈനലിനും മഴ ഭീഷണിയുണ്ട്. ഇന്ത്യ ഇംഗ്ലണ്ട് സെമി മത്സരത്തിനെയും മഴ കാര്യമായി ബാധിച്ചിരുന്നു. ബാര്‍ബഡോസില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.

ദിവസം മുഴുവന്‍ നീണ്ടുനിന്നേക്കാമെന്നും കാലാവസ്ഥാ പ്രവചനമുണ്ട്. ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ സ്വാധീനമാണ് കാരണം. പ്രാദേശിക സമയം രാവിലെ 10.30-നാണ് മത്സരം. പകല്‍സമയത്ത് 46 ശതമാനം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദിവസത്തില്‍ രണ്ട് മണിക്കൂര്‍ സമയം മഴയുണ്ടാവുമെന്നും പ്രവചനമുണ്ട്. മത്സരം നടക്കുന്ന സമയം മുഴുവന്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമായിരുന്നും പ്രവചിക്കുന്നു.

മഴ നിയമങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. മത്സരം നടക്കുന്ന സമയത്ത് മഴ പെയ്ത് കളിക്കാന്‍ സാധിക്കാതെ പോയാല്‍ 190 മിനിറ്റ് വരെ അധികസമയം അനുവദിക്കും. നോക്ക് ഔട്ട് ഘട്ടത്തില്‍ ഒരു മത്സരം ഔദ്യോഗികമായി നടക്കണമെങ്കില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം കുറഞ്ഞത് 10 ഓവറെങ്കിലും കളിക്കണം. ഇരുടീമുകള്‍ക്കും കുറഞ്ഞത് 10 ഓവറെങ്കിലും കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ മത്സരം റിസര്‍വ് ദിനത്തിലേക്ക് മാറ്റിവെക്കും.

മത്സരം റിസര്‍വ് ദിവസവും നടക്കുന്നില്ലെങ്കില്‍ സൂപ്പര്‍ ഓവറിലൂടെ വിജയികളെ തീരുമാനിക്കാനാണ് ആദ്യം ശ്രമിക്കുക. മത്സരം ടൈ ആയാലും സൂപ്പര്‍ ഓവറിലൂടെയാണ് വിജയികളെ തീരുമാനിക്കുക. റിസര്‍വ് ദിനത്തിലും മത്സരം ഒട്ടും തന്നെ നടക്കുന്നില്ലെങ്കില്‍ ഫൈനലിലെത്തിയ ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.

Previous Post Next Post