മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും പുതിയ ഉയരം കുറിച്ചു. ആഗോള വിപണിയിലെ അനുകൂല മാറ്റങ്ങളാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. പ്രധാനമായി ബാങ്ക് ഓഹരികളാണ് മുന്നേറ്റം രേഖപ്പെടുത്തുന്നത്. കൂടാതെ ഇന്ത്യന്‍ വിപണിയില്‍ വിശ്വാസമര്‍പ്പിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കൂടുതൽ നിക്ഷേപം നടത്തുന്നതും വിപണിക്ക് ഗുണകരമായി.
തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഓഹരി വിപണി മുന്നേറുന്നത്. വ്യാപാരത്തിനിടെ 280 പോയിന്റ് മുന്നേറിയതോടെ സെന്‍സെക്‌സ് 77,500 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്നു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് പ്രധാനമായ നേട്ടം ഉണ്ടാക്കിയ ഓഹരികള്‍. എന്‍ടിപിസി, പവര്‍ ഗ്രിഡ്, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നഷ്ടം നേരിട്ടു.