എക്‌സിറ്റ് പോൾ ഫലങ്ങൾ ഇന്ന് 6.30 മുതൽ, കോൺഗ്രസ് വിട്ടു നിൽക്കും

 


ന്യൂഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനത്തെയും ഏഴാം ഘട്ട വോട്ടെടുപ്പും ഇന്ന് അവസാനിക്കുന്നതോടെ വൈകിട്ട് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. അവസാന വോട്ട് രേഖപ്പെടുത്തി 30 മിനിറ്റിന് ശേഷം വിവിധ മാധ്യമങ്ങളുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വരും.

വൈകുന്നേരം 6.30-7 മണി വരെയുള്ള സമയങ്ങളിൽ ടെലിവിഷൻ ചാനലുകൾ അവരുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വിടും. ഏഴ് സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 57 സീറ്റുകളിലായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ 904 സ്ഥാനാർഥികളാണ് അവസാന ഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

അതേസമയം ഇന്ന് നടക്കുന്ന എക്‌സിറ്റ് പോൾ ചർച്ചകളിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കാനാണ് തീരുമാനം. റേറ്റിങ് കൂട്ടാനുള്ള ചാനലുകളുടെ യുദ്ധത്തിനപ്പുറം ഊഹാപോഹങ്ങളുണ്ടാക്കുന്നതിൽ കാര്യമില്ലെന്ന് എഐസിസി വക്താവ് പവൻ ഖേര എക്‌സിൽ കുറിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ഇന്ത്യ മുന്നണിയുടെ യോഗം ഇന്ന് ചേരുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വൈകിട്ട് മൂന്ന് മണിക്കാണ് യോഗം.


2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് 285 സീറ്റുകളാണ് എക്‌സിറ്റ് പോൾ പ്രവചിച്ചത്. എന്നാൽ 353 സീറ്റുകൾ നേടി ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം വൻ വിജയം നേടിയപ്പോൾ ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകൾ നേടി. കോൺഗ്രസ് 52 സീറ്റും യുപിഎ 91 സീറ്റും നേടി.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ ഏകദേശം 257-340 സീറ്റുകൾ നേടുമെന്ന് കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ, എൻഡിഎ 336 സീറ്റുകൾ നേടി. എക്‌സിറ്റ് പോളുകളുടെ കൃത്യത വർധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 1957ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഒപീനിയൻ രണ്ടാം ലോക്സഭാ തെരഞ്ഞെടുപ്പിൽ നടത്തിയ പോസ്റ്റ്-പോൾ സർവേ ആ ഇന്ത്യയിലെ ആദ്യത്തെ എക്‌സിറ്റ് പോൾ. 1996ൽ രാജ്യത്തുടനീളം എക്സിറ്റ് പോൾ നടത്തുന്നതിനായി സർക്കാരിന്റെ തന്നെ ദൂരദർശൻ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് (സിഎസ്ഡിഎസ്)നെ നിയമിച്ചു. പിന്നീടിങ്ങോട്ട് വിവിധ ചാനലുകളുമായി ചേർന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വിടുക.


തെരഞ്ഞെടുപ്പ് കാലയളവിൽ എക്‌സിറ്റ് പോൾ ഫലങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും ലേഖനമോ പരിപാടിയോ പ്രസിദ്ധീകരിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ട്രോണിക്-അച്ചടി മാധ്യമങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ പ്രമുഖ വാർത്താ ചാനലുകൾക്കു വേണ്ടി പ്രവർത്തിക്കുന്ന എക്‌സിറ്റ്‌പോൾ ഏജൻസികൾ ആണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തു വിടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗ നിർദ്ദേശമനുസരിച്ച് തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും കഴിഞ്ഞതിനുശേഷം മാത്രമേ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തു വിടുവാൻ മാധ്യമങ്ങൾക്ക് അനുവാദമുള്ളൂ. എക്‌സിറ്റ് പോൾ ഫലങ്ങൾ വോട്ടർമാരെ സ്വാധീനിക്കാതിരിക്കാൻ ആണിത്.


Previous Post Next Post