തൃശൂർ: കെ മുരളീധരന്റെ അനുയായിയും ഡിസിസി സെക്രട്ടിയുമായ സജീവൻ കുര്യച്ചിറയെ കൈയേറ്റം ചെയ്ത സംഭവത്തിൽ തൃശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെതിരെ കേസെടുത്തു. തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെയാണ് ഡിസിസി ഓഫീസിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേർന്ന് പിടിച്ചു തള്ളിയെന്നാണ് പരാതി. ജോസ് വള്ളൂർ ഉൾപ്പെടെ 20 പേർക്കെതിരെ തടഞ്ഞു നിർത്തി കൈയ്യേറ്റം ചെയ്തു എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചികിത്സയിൽ കഴിയുന്ന സജീവൻ കുര്യച്ചിറയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
സംഭവത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടായി. ഡിസിസി കമ്മിറ്റി പിരിച്ചു വിടുന്ന തരത്തിൽ കർശന നടപടിയുണ്ടായെക്കുമെന്നാണ് സൂചന.