കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെഎസ് സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് 19 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിന്റെ വിചാരണ കഴിയുംവരെ വയനാട് ജില്ലയിൽ പ്രവേശിക്കരതെന്നും പ്രതികൾ സംസ്ഥാനം വിട്ടുപോകരുതെന്നും കോടതി ഉത്തരവിൽ പറയുന്നു. ജാമ്യം നൽകരുതെന്ന സിബിഐയുടെ എതിർപ്പ് തള്ളിയാണ് ഹൈക്കോടതി നടപടി.
പ്രതികൾക്ക് ജാമ്യം നൽകുന്നതിനെതിരെ സിദ്ധാർഥന്റെ മാതാവും കോടതിയിൽ ഹർജി നൽകിയിരുന്നു. കേസിൽ നേരത്തെ, സിബിഐ പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചതെന്നും തങ്ങൾക്ക് ജാമ്യം തടയുകാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രതികൾ കേസിനെ ഒരുവിധത്തിലും സ്വാധീനിക്കാൻ കെൽപ്പുള്ളവരല്ലെന്നും വിദ്യാർഥികളായ ഇവർ രണ്ട് മാസത്തിലധികമായി ജ്യൂഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും പ്രതികൾക്ക് ജാമ്യം നൽകരുത് എന്നുമാണ് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടത്.
2024 ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾ പരസ്യവിചാരണ നടത്തുകയും മർദിക്കുകയും ചെയ്തതിനെ തുടർന്ന് സിദ്ധാർഥൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കേസ്.
