'ബാലഗോകുലത്തിന് പരീക്ഷ നടത്താൻ അനുമതി ഇല്ലെങ്കില്‍ ആരും നടത്തേണ്ട'; സര്‍ക്കാറിന് മുന്നറിയിപ്പുമായി സുരേന്ദ്രൻ.


അഴിമതിയുടെ കാര്യത്തില്‍ പിണറായിയുടെ പാത മുഖ്യമന്ത്രി വി ഡി സതീശൻ പിന്തുടരുകയാണെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ആറ് മാസം കൊണ്ട് അഴിമതിക്ക് സതീശൻ സർക്കാർ പേരെടുത്തു. വൈദ്യുതി കൊള്ള സതീശന്റെ നേതൃത്വത്തില്‍ നടക്കുന്നു. പിണറായിയുടെ കേസുകളില്‍ സതീശൻ ഒത്തു തീർപ്പ് ഉണ്ടാക്കി. ശബരിമല ഒരുക്കങ്ങളില്‍ സർക്കാരിന് വൻ പാളിച്ചകള്‍. സ്വർണ്ണ കൊള്ള കേസ് പാതിവഴിയില്‍ കിടക്കുന്നു. എസ്‌എഫ്‌ഐഒ കേസില്‍ സർക്കാർ പിണറായിക്കും കുടുംബത്തിനും പിന്തുണ നല്‍കുന്നു. മസാല ബോണ്ട്‌ വഴി 10000 കോടി രൂപ കടമെടുത്ത് കേരളത്തിലെ ജനങ്ങളെ പണയം വെച്ചു. മയില്‍‌പീലി പരീക്ഷ നടത്താൻ അനുമതി നിഷേധിച്ച സംഭവത്തിലും സുരേന്ദ്രൻ വിമർശനമുന്നയിച്ചു.

ബാലഗോകുലം വർഗീയ പ്രസ്ഥാനമാണോയെന്നും അദ്ദേഹം ചോദിച്ചു. ബാലഗോകുലത്തിന് പരീക്ഷ നടത്താൻ അനുമതി ഇല്ലെങ്കില്‍ ആരും നടത്തേണ്ട. പരീക്ഷ റദ്ദാക്കിയ സംഭവത്തില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകും. മറ്റു സംഘടനകള്‍ക്ക് എല്ലാ അനുമതിയും നല്‍കുന്നു. സർക്കാർ ആദ്യം അനുമതി നല്‍കി. ജില്ലാതല പരീക്ഷകള്‍ നടക്കുന്നതിനിടെയാണ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അനീതി. ഒരുകാലത്തും വർഗീയത പ്രചരിപ്പിച്ചിട്ടില്ലാത്ത ബാലഗോകുലത്തിന് ഭ്രഷ്ട്ട് കല്‍പ്പിക്കുന്നു. ജമാഅത്തെ ഇസ്ലാമിക്കും, മുസ്ലിം ലീഗിനും പരീക്ഷ അനുമതി നല്‍കുന്നുണ്ടെങ്കില്‍ ബാലഗോകുലത്തിനും നല്‍കണം. രാജ്യദ്രോഹികള്‍ക്കും ഭീകരവാദ സംഘടനകള്‍ക്കും വേണ്ടി കുട്ടികളെ വേർതിരിച്ചു കാണുകയാണ് സർക്കാർ. സർവശിക്ഷ അഭിയാനില്‍ നിയമനങ്ങള്‍ നടത്തുന്നത് അനധികൃതമായി. മുസ്ലിംലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ആളുകളെ ജോലിയില്‍ പ്രവേശിപ്പിക്കുന്നു. എല്ലാത്തിലും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Previous Post Next Post