സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് ഇന്ന് കൊടിയേറ്റം.

മുപ്പതാമത് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം ഇന്ന് മുതല്‍ 21 വരെ മണ്ണാര്‍ക്കാട്ട്. വൈകിട്ട് നാലിന് നെല്ലിപ്പുഴ ഡിഎച്ച്‌എസ്‌എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി എന്‍.ഷംസുദ്ദീന്‍ മേള ഉദ്ഘാടനം ചെയ്യും. വി.കെ. ശ്രീകണ്ഠന്‍ എംപി അധ്യക്ഷത വഹിക്കും.

മൂന്നിന് മണ്ണാര്‍ക്കാട് കെടിഎം ഹൈസ്‌കൂളില്‍ നിന്ന് ആരംഭിക്കുന്ന വിളംബരജാഥ നെല്ലിപ്പുഴ ഡിഎച്ച്‌എസ്‌എസ് സ്‌കൂളില്‍ സമാപിക്കും. വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന ഘോഷയാത്രയില്‍ അദ്ധ്യാപകര്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ 1500-ലധികം പേര്‍ അണിനിരക്കും. ശാസ്ത്ര-ഐടി മേളകള്‍ മണ്ണാര്‍ക്കാട് എംഇഎച്ച്‌എസ്‌എസിലും ഗണിതമേള കുമരംപുത്തൂര്‍ കല്ലടി എച്ച്‌എസ്‌എസിലും സാമൂഹ്യശാസ്ത്രമേള മണ്ണാര്‍ക്കാട് എംഇടി എച്ച്‌എസ്‌എസിലും നടക്കും.പ്രവൃത്തിപരിചയ മേളയ്‌ക്ക് നെല്ലിപ്പുഴ ഡിഎച്ച്‌എസ്‌എസ് വേദിയാകുമ്പോള്‍ സ്‌കില്‍ ഫെസ്റ്റ് നെല്ലിപ്പുഴ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള മിനി മുബാസ് സ്റ്റേഡിയത്തിലും ജിഎംയുപി സ്‌കൂളിലുമായി അരങ്ങേറും. മത്സരാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏഴായിരത്തോളം പേര്‍ പങ്കെടുക്കും. 21ന് സമാപന സമ്മേളനം മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്യും. മന്ത്രി എന്‍. ഷംസുദ്ദീന്‍ അധ്യക്ഷത വഹിക്കും.
Previous Post Next Post