എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ജനശതാബ്ദി എക്‌സ്പ്രസിലെ ടിടിഇയെ ട്രെയിനില്‍ നിന്നും തള്ളിയിടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍.
ആലപ്പുഴ സ്വദേശികളായ കെ.ഡി. ബാബു, ശ്രീരാജ് എന്നിവരയാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) കസ്റ്റഡിയിലെടുത്തത്. ടിക്കറ്റ് പരിശോധനയ്ക്കിടെയുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്കും വന്‍ അപകടസാധ്യതയിലേക്കും നയിച്ചത്.
ട്രെയിനിലെ ഡിഎല്‍ 1 കോച്ചില്‍ അംഗപരിമിതര്‍ക്കായി നീക്കിവെച്ചിരുന്ന സീറ്റില്‍ ഇരുവരും ഇരിക്കുന്നത് പ്ലാറ്റ്‌ഫോമില്‍ നിന്ന ടിടിഇ ടിന്‍സണ്‍ തോമസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സംശയം തോന്നിയ ടിന്‍സണ്‍ ഇവരെ സമീപിച്ച് ടിക്കറ്റ് ആവശ്യപ്പെട്ടു. ഇതാണ് യാത്രക്കാരില്‍ ഒരാളെ പ്രകോപിപ്പിച്ചത്. പ്രകോപിതനായ യാത്രക്കാരന്‍ ടിടിഇയെ ശക്തിയായി പുറത്തേക്ക് തള്ളുകയും ട്രെയിനിന്റെ വാതില്‍ ഉള്ളില്‍ നിന്നും വലിച്ചടയ്ക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
ഇതിനിടെ ട്രെയിന്‍ മുന്നോട്ട് നീങ്ങിത്തുടങ്ങിയെങ്കിലും ടിന്‍സണ്‍ തോമസ് വാതിലില്‍ പിടിമുറുക്കി തൂങ്ങിക്കിടന്നതിനാല്‍ ട്രാക്കിലേക്ക് വീഴാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ടിടിഇ വാതിലില്‍ തൂങ്ങിക്കിടക്കുന്നതും അദ്ദേഹത്തിന്റെ നിലവിളിയും ശ്രദ്ധയില്‍പ്പെട്ട ട്രെയിന്‍ മാനേജര്‍ ഉടന്‍ തന്നെ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ച് ട്രെയിന്‍ നിര്‍ത്തിയതോടെയാണ് വന്‍ ദുരന്തം ഒഴിവായത്. സംഭവത്തിന് പിന്നാലെ ടിന്‍സണ്‍ തോമസ് ദക്ഷിണ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.