ബൈക്കുകളിലും വീടിന്‍റെ ഗേറ്റുകളിലും കേബിള്‍ ടൈ കെട്ടിവച്ച നിലയില്‍.


മൂവാറ്റുപുഴ നഗരസഭയിലെ ഒന്പത്, 10 വാർഡുകളുള്‍പ്പെടുന്ന വനിതാ സെന്റർ റോഡിലെ നിരവധി വീടുകളിലെ ബൈക്കുകളിലും ഗേറ്റുകളിലും കേബിള്‍ ടൈ കെട്ടിവച്ച നിലയില്‍ കണ്ടെത്തി.

പ്രദേശത്തെ പന്ത്രണ്ടോളം വീടുകളിലെ ഗേറ്റുകളിലും, മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളുടെ ഹാൻഡിലുകളില്‍ ബ്രേക്ക് ലിവറുമായി ചേർത്തുവച്ചുമാണ് പ്ലാസ്റ്റിക് കേബിള്‍ ടൈ ഉപയോഗിച്ച്‌ കെട്ടിയിരിക്കുന്നത്. നാട്ടുകാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ പൊലിസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞദിവസം രാത്രി എട്ടോടെയാണ് പ്രദേശവാസികളുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുന്നത്. സിസിടിവി കാമറകളുള്ള വീടുകള്‍ പൂർണമായും ഒഴിവാക്കി മറ്റുള്ള വീടുകളിലാണ് ഇത് ചെയ്തത്. വീടുകള്‍ പൂട്ടിക്കിടക്കുകയാണോ എന്ന് ഉറപ്പുവരുത്താനോ, ഭാവിയില്‍ മോഷണം ലക്ഷ്യമിട്ട് അടയാളമിടാനോ സാമൂഹികവിരുദ്ധരോ മോഷ്ടാക്കളോ ചെയ്തതാകാമെന്നാണ് നിഗമനം.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രദേശവാസികള്‍ അതീവ ജാഗ്രതയിലാണ്. വീടുകളുടെ ഗേറ്റുകളിലോ, വാതിലുകളിലോ, വാഹനങ്ങളിലോ ഇതുപോലെയുള്ള അസ്വാഭാവികമായ അടയാളങ്ങളോ ടൈകളോ ഉണ്ടോയെന്ന് പ്രദേശവാസികള്‍ക്ക് നിർദേശം നല്കിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ വീട്ടുമുറ്റത്തും ഗേറ്റിന് സമീപവും വെളിച്ചം ഉറപ്പാക്കണമെന്നും, വാഹനങ്ങള്‍ ഓടിക്കുന്നതിന് മുൻപ് ബ്രേക്കും ഹാൻഡിലും കൃത്യമായി പരിശോധിക്കണമെന്നും സംശയാസ്പദ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ പൊലിസില്‍ വിവരമറിയിക്കണമെന്നും ജനപ്രതിനിധികളും പോലീസും അറിയിച്ചു.

Previous Post Next Post