കളമശ്ശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അതിജീവിതയുടെ ഭർത്താവ്.
ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ഐസ്ക്രീമില്‍ മയക്കുമരുന്ന് കലർത്തി നല്‍കി ഒരു രാത്രിയും പകലും ക്രൂരമായി പീഡിപ്പിച്ചെന്ന് ഭർത്താവ് വെളിപ്പെടുത്തി. കേസില്‍ നാലില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കടുത്ത മാനസികാഘാതത്തിലുള്ള യുവതി നിലവില്‍ ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ രണ്ടിനാണ് യുവതി ജോലി സംബന്ധമായ ഇൻ്റർവ്യൂവിന് പോയത്. തുടർന്ന് അന്ന് രാത്രി പതിനൊന്നു മണിയോടെ ജോലി നല്‍കിയ സ്ഥാപനത്തില്‍ നിന്ന് പാർട്ടിയുണ്ടെന്ന് പറഞ്ഞ് യുവതിയെ വിളിക്കുകയായിരുന്നു. മറ്റൊരു സ്ത്രീ കൂടി പാർട്ടിക്കുണ്ടെന്ന് അറിയിച്ചതിനെത്തുടർന്നാണ് യുവതി പോകാൻ സമ്മതിച്ചത്.
ഇടപ്പള്ളിയില്‍ സ്പാ നടത്തുന്ന ശ്രീരാഗ് എന്നയാളാണ് യുവതിയെ കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് യുവതിയെയും ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും ഇടപ്പള്ളിയിലെ ലോഡ്ജിലെത്തിച്ചു. ലോഡ്ജില്‍ വെച്ച് കൂടെയുണ്ടായിരുന്ന സ്ത്രീ യുവതിക്ക് ഐസ്ക്രീമില്‍ മയക്കുമരുന്ന് കലർത്തി നല്‍കുകയും നിർബന്ധിച്ച് ബിയർ കുടിപ്പിക്കുകയുമായിരുന്നു. ഇവരില്‍ നിന്ന് രക്ഷപ്പെടാനായി ബാത്റൂമില്‍ ഓടിക്കയറി കതടച്ചെങ്കിലും വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയ നാലുപേർ ചേർന്ന് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
ഒരു രാത്രിയും ഒരു പകലും പ്രതികള്‍ യുവതിയെ പീഡനത്തിന് ഇരയാക്കിയെന്ന് ഭർത്താവ് പറഞ്ഞു. പലതവണ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതിന് അനുവദിച്ചില്ല. ഒടുവില്‍ പിറ്റേദിവസം വൈകുന്നേരത്തോടെ ബിയർകുപ്പി പൊട്ടിച്ച് സ്വന്തം കൈഞരമ്പ് മുറിച്ച് മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് പ്രതികള്‍ യുവതിയെ വിട്ടയക്കാൻ തയ്യാറായത്. ശേഷം കീറിപ്പറഞ്ഞ വസ്ത്രങ്ങള്‍ക്ക് പകരം പുതിയ വസ്ത്രവും ഫോണും നല്‍കി യുവതിയെ പറഞ്ഞയക്കുകയായിരുന്നു.
വീട്ടിലെത്തുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഭാര്യയെന്ന് ഭർത്താവ് പറഞ്ഞു. നേരത്തെ ഒരു അബോർഷൻ കഴിഞ്ഞതിൻ്റെ മാനസിക വിഷമത്തിലിരിക്കെയാണ് യുവതിക്ക് ഈ ദാരുണ അനുഭവം ഉണ്ടായത്. നിലവില്‍ യുവതിയുടെ മാനസിക നില വളരെ ഗുരുതരമായി തുടരുകയാണ്.