മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണെന്ന് പ്രിൻസിപ്പല്‍ ഷിവി കൃഷ്ണൻ.പ്രാദേശിക രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായി. കുട്ടികള്‍ അപക്വമായി പകർത്തിയ ദൃശ്യങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിച്ചു. കുടുംബത്തിന് വലിയ പ്രയാസം ഉണ്ടാക്കിയെന്നും കുടുംബത്തിന്‍റെ വേദനയ്ക്ക് ആര് മറുപടി പറയുമെന്നും പ്രിൻസിപ്പല്‍ ചോദിക്കുന്നു.
അനാവശ്യമായി പ്രശ്നം ഉണ്ടാക്കിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷിവി കൃഷ്ണൻ പറഞ്ഞു. തനിക്കെതിരെ ആക്ഷേപം ഉന്നയിച്ചവർ ആരും ഇതുവരെ ഒരു പരാതി പോലും നല്‍കിയിട്ടില്ല. പിടിഎ പ്രസിഡന്‍റ് മദ്യപിച്ചു എന്ന് പറയാനാകില്ല. കുട്ടികള്‍ ആക്ഷേപം ഉന്നയിച്ചപ്പോള്‍ നടപടി എടുത്തതാണെന്നും പ്രിൻസിപ്പല്‍ പറഞ്ഞു.
കുട്ടികളുടെ ഭാഗത്തുനിന്ന് ചില അപക്വമായ ഇടപെടലുകള്‍ ഉണ്ടായി. എങ്കിലും താൻ ആ കുഞ്ഞുങ്ങളെ കുറ്റം പറയുന്നില്ലെന്നും അവർക്ക് അത്രയേ അറിവുള്ളൂവെന്നും പ്രിൻസിപ്പല്‍ പറഞ്ഞു. പരാതികള്‍ ഒന്നുമില്ലാത്തതിനാല്‍ താൻ യാതൊരുവിധ പരിശോധനകള്‍ക്കും വിധേയനാകാൻ ബാധ്യസ്ഥനല്ല. സത്യസന്ധത തെളിയിക്കാനാണ് വന്നത്. എന്നാല്‍ ഇന്നലെ വന്നവരില്‍ ഒരാളൊഴികെ മറ്റാരും കുട്ടികളുടെ രക്ഷിതാക്കളായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പാണ് നടന്നതെന്നും ഇതിനു പിന്നില്‍ പിടിഎ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നും പ്രിൻസിപ്പല്‍ പറഞ്ഞു. കുട്ടികളും ഇപ്പോള്‍ വലിയ പ്രയാസത്തിലാണ്. തനിക്കെതിരെ നടന്ന ഈ നീക്കങ്ങള്‍ക്കെതിരെ നിയമപരമായ നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.