പെരുവയലിലെ നവജാത ശിശുവിന്റെ മരണം ഒരു വര്‍ഷത്തിന് ശേഷം കൊലപാതകമെന്ന് തെളിഞ്ഞു. മദ്യലഹരിയിലെത്തിയ പിതാവ് കുഞ്ഞിനെ മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്ന് പോലിസ് അന്വേഷണത്തില്‍ തെളിഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നാലു മാസം പ്രായമുള്ള കുഞ്ഞാണ് ദാരുണമായി മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ കുറ്റിക്കാട്ടൂര്‍ വയല്‍ക്കര സ്വദേശി ഷിജിന്‍, അമ്മ അഞ്ജന എന്നിവര്‍ അറസ്റ്റിലായി.
2025 ഒക്ടോബര്‍ ഒന്നിനാണ് കുഞ്ഞ് കൊല്ലപ്പെടുന്നത്. രാത്രി വിളിച്ചിട്ട് കുട്ടി എഴുന്നേല്‍ക്കുന്നില്ലെന്നും മൂക്കിലൂടെ കഫം വരുന്നു എന്നും പറഞ്ഞ് കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ കുട്ടി മരിച്ചു.
അസ്വാഭാവിക മരണമായതിനാല്‍ കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സ്വാഭാവിക മരണമെല്ലെന്നും, മര്‍ദനമേറ്റതായും സൂചന ലഭിച്ചത്. എന്നാല്‍ കുട്ടിക്ക് മര്‍ദനമേറ്റ കാര്യം അമ്മ അഞ്ജന ആരോടും വെളിപ്പെടുത്തിയിരുന്നില്ല. മദ്യപിച്ചെത്തിയ ഷിജിന്‍ കരയുന്ന കുഞ്ഞിനെ മര്‍ദിക്കുകയായിരുന്നു. കൊലപാതക വിവരം മറച്ചു വെച്ചതിനാണ് അഞ്ജനയെ പോലിസ് അറസ്റ്റ്‌ചെയ്തത്.
നാട്ടുകാര്‍ ചില സംശയങ്ങള്‍ പൊലീസിനോട് സൂചിപ്പിച്ചതു പ്രകാരം അഞ്ജനയെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം സ്ഥിരീകരിച്ചത്. സ്ഥിരം മദ്യപാനിയായ ഷിജിന്‍ കുട്ടി രാത്രി ഉറക്കെ കരഞ്ഞതിന്റെ ദേഷ്യത്തിലാണ് മര്‍ദിച്ചതെന്നാണ് അഞ്ജന പൊലീസിനോട് പറഞ്ഞത്. കൊലപാതകക്കുറ്റത്തിന് ഷിജിനെയും കൊലപാതക വിവരം മറച്ചുവെച്ചതിന് അഞ്ജനയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.