ആലപ്പുഴയില്‍ 2 വയസുകാരന്‍ പോഷകാഹാരക്കുറവ് മൂലം മരിച്ച സംഭവം; പൊലീസ് അന്വേഷണം തുടരുന്നു, മാതാപിതാക്കളുടെ പരിപാലനത്തില്‍ ഗുരുതര വീഴ്ച.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ രണ്ട് വയസുകാരൻ പോഷകാഹാര കുറവിനെ തുടർന്ന് മരിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നു.മാതാപിതാക്കളുടെ പരിപാലനത്തില്‍ വന്ന പിഴവാണ് കുഞ്ഞിന്‍റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ അനുമാനം. മറ്റെന്തെങ്കിലും ദുരൂഹതകള്‍ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കും. ഈ സാഹചര്യത്തില്‍ മരിച്ച കുഞ്ഞിന്‍റെ നാല് കുട്ടികളെ സ്ഥിരമായി സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് ശിശുക്ഷേമ സമിതി. പോഷകാഹാര കുറവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും മറ്റ് ദുരൂഹതകള്‍ എന്തെങ്കിലും ഉണ്ടോ എന്ന് ഒരിക്കല്‍ കൂടി പരിശോധിച്ച ശേഷമേ അന്വേഷണം അവസാനിപ്പിക്കൂ എന്ന് പൊലീസ് അറിയിച്ചു.

2 വയസുകാരന്‍റെ മരണം പോഷകാഹാര കുറവിനെ തുടര്‍ന്ന്

ആലപ്പുഴ കാര്‍ത്തികപ്പളളി സ്വദേശികളായ രാജേഷ് -താര ദമ്പതികളുടെ മകന്‍ രാഹുലിന്‍റെ മരണത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നാണ് തൃക്കുന്നപ്പുഴ പൊലീസിന്‍റെ അനുമാനം. മാതാപിതാക്കളുടെ ശ്രദ്ധക്കുറവിനെ തുടര്‍ന്ന് അരക്ഷിത ചുറ്റുപാടുകളില്‍ ജീവിച്ചിരുന്ന രണ്ട് വയസുകാരന്‍ മരിച്ചത് പോഷകാഹാര കുറവിനെ തുടര്‍ന്നെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍. രാജേഷിന്‍റെയും താരയുടെയും ഏഴ് കുട്ടികളില്‍ രണ്ടാമത്തെ കുട്ടിയാണ് ഒരു വര്‍ഷത്തിനിടെ മരിക്കുന്നത്. രണ്ട് വയസുകാരന്‍ രാഹുല്‍ കിടക്കയില്‍ മരിച്ച്‌ കിടക്കുകയായിരുന്നെന്നാണ് അച്ഛന്‍ രാജേഷ് പൊലീസിനോട് പറഞ്ഞത്. ഏഴാമത്തെ പ്രസവത്തിനായി താരയെ നാട്ടുകാര്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ഇന്നലെ രാവിലെ രണ്ട് വയസുകാരന്‍ രാഹുലിന്‍റെ മരണം സംഭവിച്ചത്. എന്നാല്‍ രാജേഷിന്‍റെയും ഭാര്യ താരയുടെയും ജീവിതരീതിയും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതില്‍ ഇരുവരും വരുത്തുന്ന അശ്രദ്ധയും ചൂണ്ടിക്കാട്ടി നാട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് പോഷകാഹാര കുറവിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന കണ്ടെത്തല്‍.
Previous Post Next Post