കറന്റ് ബില്ലില്‍ നിന്ന് പൂര്‍ണ്ണ മോചനം! 21 ലക്ഷം വീടുകളില്‍ ഇനി കറന്റ് ബില്‍ പൂജ്യം; റെക്കോര്‍ഡ് കുതിപ്പുമായി പിഎം സൂര്യഘര്‍!.


കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതിയായ 'പിഎം സൂര്യഘർ മുഫ്ത് ബിജ്‍ലി യോജന' രാജ്യത്ത് പുതിയ ചരിത്രം കുറിക്കുന്നു.

പദ്ധതിയിലൂടെ പുരപ്പുറ സോളർ സ്ഥാപിച്ച വീടുകളുടെ എണ്ണം 60 ലക്ഷം പിന്നിട്ടു. ഏറ്റവും വിപ്ലവകരമായ നേട്ടം, സോളർ പാനലുകള്‍ സ്ഥാപിച്ചതില്‍ 21 ലക്ഷത്തോളം വീടുകളില്‍ പ്രതിമാസ വൈദ്യുതി ബില്‍ പൂജ്യമായി മാറി എന്നതാണ്. ഉല്‍പ്പാദിപ്പിക്കുന്ന അധിക വൈദ്യുതി പ്രാദേശിക ഗ്രിഡിലേക്ക് നല്‍കുന്നതിലൂടെ പല കുടുംബങ്ങള്‍ക്കും സാമ്പത്തിക ലാഭവും ലഭിക്കുന്നുണ്ട്.

രാജ്യത്തുടനീളം ഒരു കോടി വീടുകളില്‍ പുരപ്പുറ സോളർ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2024 ഫെബ്രുവരിയില്‍ പദ്ധതിക്ക് തുടക്കമിട്ടത്. 75,021 കോടി രൂപയുടെ പദ്ധതി വിഹിതത്തില്‍ ഇതിനോടകം 33,000 കോടിയിലധികം രൂപ സബ്സിഡിയായി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിക്കഴിഞ്ഞു. 3 കിലോവാട്ട് വരെയുള്ള പ്ലാന്റുകള്‍ക്ക് പരമാവധി 78,000 രൂപ വരെയാണ് കേന്ദ്ര സർക്കാർ സബ്സിഡിയായി നല്‍കുന്നത്. ഡല്‍ഹി, തമിഴ്നാട്, ഉത്തർപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര ആനുകൂല്യത്തിന് പുറമേ സ്വന്തം നിലയ്ക്ക് അധിക സബ്സിഡിയും ലഭ്യമാക്കുന്നുണ്ട്.

തുടക്കത്തില്‍ സ്മരണീയമായ രീതിയിലായിരുന്ന പദ്ധതിയുടെ വളർച്ച ഡിജിറ്റല്‍ നടപടികള്‍ ലളിതമാക്കിയതോടെ അതിവേഗത്തിലായി. ആദ്യത്തെ ഒരു ലക്ഷം ഉപഭോക്താക്കളെ കണ്ടെത്താൻ 118 ദിവസമെടുത്ത സ്ഥാനത്ത്, ഇപ്പോള്‍ വെറും 6 ദിവസം കൊണ്ട് ഒരു ലക്ഷം കുടുംബങ്ങളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. ഡിസ്കോം (DISCOM) അനുമതികളും സാങ്കേതിക പരിശോധനകളും എളുപ്പമാക്കിയതാണ് ജനങ്ങളെ സോളറിലേക്ക് കൂടുതലായി ആകർഷിച്ചത്. ഈ രംഗത്ത് സാങ്കേതിക വിദഗ്ധർക്കും പ്രാദേശിക വെണ്ടർമാർക്കും വലിയ തൊഴിലവസരങ്ങളാണ് പുതിയ മുന്നേറ്റത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്.

Previous Post Next Post