സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര മൂലമുണ്ടായ നഷ്ടം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്.
മിനിമം ചാർജ് 15 രൂപ ആക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ മൂന്ന് മുതല് സ്വകാര്യബസുകള് അനിശ്ചിതകാല സമരത്തിലേക്ക് തിരിയും . ഇതു സംബന്ധിച്ച പ്രഖ്യാപനം സംയുക്ത സമരസമിതി നടത്തും.
പ്രിയദർശിനി പദ്ധതി മൂലം ഉണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുക, ബസ് ചാർജ് മിനിമം 15 രൂപയാക്കുക, വിദ്യാർത്ഥികളുടെ കണ്സഷൻ നിരക്ക് അഞ്ച് രൂപയായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്. ആറ് സംഘടനകള് സമരത്തില് പങ്കെടുക്കുമെങ്കിലും കേരള ബസ് ട്രാൻസ്പോർട്ട് ഫെഡറേഷൻ വിട്ടുനില്ക്കും
പ്രിയദർശിനി റൂട്ടുകളില് സർവീസ് നടത്തുന്ന സ്വകാര്യ ബസുകള്ക്ക് ഇന്ധനത്തിനും തൊഴിലാളികള്ക്ക് വേതനം നല്കുന്നതിനുമുള്ള വരുമാനം പോലും ലഭിക്കുന്നില്ല എന്ന് പരാതിയുയർന്നിരുന്നു. നവംബർ മുതല് സർവീസ് നിർത്തിവെക്കുന്നതിനും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ 14 -ന് സെക്രട്ടറിയേറ്റ് മാർച്ചും നടത്തിയിരുന്നു.