തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന് മുന്നോടിയായി ഡല്ഹിയില് നിയന്ത്രണങ്ങള് കടുപ്പിച്ച് പൊലീസ്.
ഡല്ഹിയിലെ കൊണാട്ട് പ്ലേസിലുള്ള സെൻട്രല് പാർക്കില് പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയ പതാകയേന്തി ദേശീയഗാനം ആലപിക്കാൻ 11പേർ അടങ്ങുന്ന സംഘത്തിന് അനുയോജ്യമായ സ്ഥലത്ത് സൗകര്യം ഏർപ്പെടുത്തുമെന്ന് ഡല്ഹി പൊലീസ് അറിയിച്ചു. അതേസമയം പ്രതിഷേധത്തില് പൊതുജനങ്ങള് പങ്കെടുക്കരുതെന്നും പൊലീസ് അഭ്യർത്ഥിച്ചു.
പ്രതിഷേധം വിലക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയില് ഇടപെടാൻ ഡല്ഹി ഹൈക്കോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് പൊലീസിന്റെ നീക്കം. പ്രതിഷേധം നിയമം അനുശാസിക്കുന്ന രീതിയില് നിയന്ത്രിക്കുമെന്ന് പൊലീസ് കോടതിയില് ഉറപ്പ്നല്കിയിരുന്നു. കൊണാട്ട് പ്ലേസിലും സമീപ പ്രദേശങ്ങളിലും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി.എൻ.എസ്.എസ്) 163ാം വകുപ്പ് പ്രകാരമുള്ള നിരോധന ഉത്തരവുകള് നിലവിലുണ്ടെന്ന് ഇന്ന് വൈകിട്ട് പുറത്തിറക്കിയ പ്രസ്താവനയില് പൊലീസ് വ്യക്തമാക്കി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി.