10 രൂപയുടെ പേരില്‍ ഹൃദ്രോഗിക്ക് ചികിത്സ വൈകിയ സംഭവം: ജീവനക്കാരിക്ക് സസ്പെന്‍ഷന്‍.

കോതമംഗലം താലൂക്ക് ആശുപത്രിയില്‍ രോഗിക്ക് ചികിത്സ വൈകിയതില്‍ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. തുടർന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയടക്കം വിമർശനവുമായി രംഗത്തെത്തി. പത്തു രൂപ നോട്ടായി നല്‍കാൻ ഇല്ലാത്തതുമൂലം കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ഹൃദ്രോഗിയുടെ ചികിത്സ മുക്കാല്‍ മണിക്കൂറോളം വൈകിപ്പിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇന്ന് പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിയ പെരുമ്പാവൂർ സ്വദേശി കരീമിനാണ് ദുരനുഭവം നേരിട്ടത്. ഓണ്‍ലൈൻ പെയ്മെൻറ് സ്വീകരിക്കില്ലെന്നും, അത്യാവശ്യമാണെങ്കില്‍ സ്വകാര്യ ആശുപത്രിയില്‍ പോകണമെന്നും ജീവനക്കാരി ആക്രോശിച്ചു.യാത്രാമധ്യേ ദേഹാസ്വാദ്യം അനുഭവപ്പെട്ട കരീം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് പുലർച്ചെ ഒന്നേകാലിനാണ് എത്തുന്നത്. ഹൃദയത്തിൻറെ വാല്‍വ് മാറ്റിവെച്ച കരിം അടിയന്തര ചികിത്സ പ്രതീക്ഷിച്ചാണ് ആശുപത്രിയിലേക്ക് കയറിയത്. എന്നാല്‍ പത്തു രൂപ പണമായി ഇല്ലാത്തതിനാല്‍ ചീട്ട് നല്‍കില്ലെന്ന് ആശുപത്രി ജീവനക്കാരി. ഓണ്‍ലൈൻ പെയ്മെൻറ് സ്വീകരിക്കില്ലെന്നും പണമായി നല്‍കണമെന്നും നിർബന്ധം. കൂടെയുള്ളയാള്‍ പുറത്തുപോയി പണം ആക്കുന്ന സമയം കൊണ്ട് ചീട്ട് നല്‍കുമെന്ന് അഭ്യർത്ഥിച്ചെങ്കിലും വഴങ്ങിയില്ല.ആശുപത്രി ജീവനക്കാരി പോലീസിനെ വിളിച്ചെങ്കിലും ഉദ്യോഗസ്ഥർക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. 45 മിനിറ്റിനുശേഷം വിഷയം അറിഞ്ഞെത്തിയ ഡോക്ടർ ചികിത്സ ലഭ്യമാക്കുകയും, രോഗിയുടെ ബിപി 280 നു മുകളിലേക്ക് ഉയർന്നതോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് റഫർ ചെയ്തു.ജീവനക്കാരി മോശമായി പെരുമാറിയെങ്കിലും ചികിത്സ വൈകിയിട്ടില്ല എന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ നിലപാട്. എന്നാല്‍ ആശുപത്രി രജിസ്റ്ററില്‍ തന്നെ ചികിത്സ ലഭ്യമാക്കിയത് രണ്ടു മണി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. താൻ ഒന്നേകാലിനാണ് ആശുപത്രിയില്‍ എത്തിയതെന്നും ധൈര്യമുണ്ടെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും കരിം പറയുന്നു.
Previous Post Next Post