തൃപ്രയാറിലെ ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവില്‍ ലഹരിമരുന്ന് വില്‍പന നടത്തിയ കേസില്‍ രണ്ടുപേർ കൂടി അറസ്റ്റില്‍.
പഴുവില്‍ കുറുമ്പിലാവ് വില്ലേജ് കോട്ടം സ്വദേശി കളരിക്കല്‍ വീട്ടില്‍ ശരത് കുമാർ (33) ഇരിങ്ങാലക്കുട മാപ്രാണം മാടായിക്കോണം സ്വദേശി അമ്പാട്ട് വീട്ടില്‍ വൈശാഖ് (32) എന്നിവരാണ് അറസ്റ്റിലായത്. വലപ്പാട് പൊലിസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവില്‍ വൻതോതില്‍ ലഹരിമരുന്ന് വില്‍പന നടത്തിയിരുന്ന യുവതിയെ കഴിഞ്ഞ മാർച്ച് 23-ന് കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടില്‍ നിന്നും തൃശൂർ റൂറല്‍ ഡാൻസാഫ് സംഘവും വലപ്പാട് പൊലിസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടില്‍ ശ്രീലക്ഷ്മി (30) ആണ് രണ്ട് കിലോഗ്രാം ഹാഷിഷ് ഓയില്‍, മയക്കുമരുന്ന് വില്‍പന നടത്തി അനധികൃതമായി സമ്പാദിച്ച 90,500 രൂപ, ഹാഷിഷ് ഓയില്‍ ചില്ലറ വില്‍പന നടത്തുന്നതിനായി ഉപയോഗിക്കുന്ന 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകള്‍ എന്നിവ സഹിതം അന്ന് അറസ്റ്റിലായത്.
ഈ കേസില്‍ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തില്‍ ശ്രീലക്ഷ്മിക്ക് ഹാഷിഷ് ഓയില്‍ എത്തിച്ച് നല്‍കിയിരുന്നത് ശരത് കുമാർ ആണെന്നും ശരത് കുമാറിനും ചില ദിവസങ്ങളില്‍ ശ്രീലക്ഷ്മിക്കും ഹാഷിഷ് ഓയില്‍ എത്തിച്ച് നല്‍കിയിരുന്നത് വൈശാഖ് ആണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവരെയും പിടികൂടിയത്.