മലയാളി ഫുട്ബോള്‍ താരം റിജോണ്‍ ജോസിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം.


മലയാളി ഫുട്ബോള്‍ താരം റിജോണ്‍ ജോസിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. 29കാരനായ റിജോണ്‍ തൃശൂര്‍ സ്വദേശിയാണ്.

കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിന് സമീപം ഗാന്ധിറോഡ് മേല്‍പ്പാലത്തിലുണ്ടായ വാഹനാപകടത്തിലാണ് കാലിക്കറ്റ് എഫ്സി താരം മരിച്ചത്. ബൈക്കില്‍ റിജോണിനൊപ്പം യാത്ര ചെയ്തിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതരമായി പരുക്കേറ്റു. സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി കളിച്ചിട്ടുള്ള താരമാണ് ഗനി അഹമ്മദ് നിഗം.

ഞായറാഴ്ച രാത്രി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും റിജോണിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ ഗനി അഹമ്മദ് നിഗം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സൂപ്പര്‍ ലീഗ് കേരളയുടെ പുതിയ സീസണിന് മുന്നോടിയായി കാലിക്കറ്റ് എഫ്സി പരിശീലനം ആരംഭിച്ച്‌ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം.

Previous Post Next Post