ആരുമറിയാതെ വീട്ടില്‍ നിന്നിറങ്ങിയ നാലുവയസുള്ള കുഞ്ഞ് എത്തിയത് കുന്നുംപുറം പാലത്തില്‍, രക്ഷകരായി പോലീസ്. കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ അറിഞ്ഞത് സംഭവം നടന്ന് അരമണിക്കൂറിന് ശേഷം.


രക്ഷിതാക്കള്‍ അറിയാതെ വീട്ടില്‍നിന്ന് പുറത്തിറങ്ങിയ ഭിന്നശേഷിക്കാരിയായ നാലുവയസുകാരിയെത്തപ്പെട്ടത് കുന്നുംപുറം പാലത്തില്‍.

ഇടപ്പള്ളി കുന്നുംപുറത്ത് താമസിക്കുന്ന ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മകളെയാണ് പോലീസിൻറേയും സ്വകാര്യ ബസ് ജീവനക്കാരുടേയും സമയോചിത ഇടപെടലിലൂടെ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക് കൈമാറിയത്.

ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് കുന്നുംപുറം പാലത്തില്‍ നാലുവയസുകാരിയെ തനിച്ച്‌ കണ്ടത്. കുഞ്ഞ് പാലത്തിലൂടെ തനിച്ച്‌ നടന്നു വരുന്നതു കണ്ട സ്വകാര്യ ബസ് ജീവനക്കാർ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളെക്കുറിച്ചോ വീടിനെക്കുറിച്ചോ വ്യക്തമായ വിവരങ്ങള്‍ ലഭിക്കാതിരുന്നതിനാല്‍ പോലീസ് ഉടൻ സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു.

എറണാകുളം വനിതാ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബേബി വർഗീസിൻറെ നേതൃത്വത്തിലുള്ള സംഘവും ചേരാനല്ലൂർ പോലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. അതേസമയം സംഭവം നടന്ന് അര മണിക്കൂറിനു ശേഷം കുട്ടിയെ കാണാനില്ലെന്ന വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. തുടർന്ന് കുഞ്ഞിനെ തേടി സമീപവാസികള്‍ക്കൊപ്പം മാതാപിതാക്കളും സ്ഥലത്തെത്തി. ഏകദേശം അരമണിക്കൂറോളം പോലീസ് സംഘം പാലത്തിലും പരിസരത്തും തെരച്ചില്‍ നടത്തി. ഇതിനിടെ പാലത്തിന് മുകളില്‍ നിന്നാണ് എഎസ്‌ഐ ബേബി വർഗീസ് കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി.

Previous Post Next Post