ചിറയിൻകീഴില്‍ കോണ്‍ഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കൈയാങ്കളിയിലും പ്രതികരണവുമായി രമ്യ ഹരിദാസ് എം.എല്‍.എ.പ്രാദേശികമായി നടക്കാനിരുന്ന സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സംഘർഷത്തിന് കാരണമെന്ന് രമ്യ പറഞ്ഞു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും തനിക്കെതിരായ ആക്രമണത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്നും എം.എല്‍.എ വ്യക്തമാക്കി.
സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണത്തിലുള്ള പാനല്‍ മൂന്ന് വിഭാഗങ്ങളായി മത്സരിക്കുന്ന സാഹചര്യമുണ്ടായിരുന്നുവെന്ന് രമ്യ പറഞ്ഞു. തിരഞ്ഞെടുപ്പ് കണ്‍വൻഷനിലും ഫോട്ടോ എടുക്കുന്നതിനുമായി തന്നെ ക്ഷണിച്ചിരുന്നെങ്കിലും ആരുടെയും പക്ഷംപിടിക്കാതെ വിട്ടുനില്‍ക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗമായ സജാദിന് തന്നോട് വിയോജിപ്പുണ്ടായിരുന്നുവെന്നും രമ്യ പറഞ്ഞു.സജാദ് തുടർച്ചയായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നതായും വിഷയം സംസാരിച്ച് പരിഹരിക്കാനാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയതെന്നും രമ്യ വ്യക്തമാക്കി. ആദ്യം കോഴിക്കടയില്‍വെച്ചാണ് സംസാരിച്ചത്. തുടർന്ന് ചായകുടിച്ചുകൊണ്ട് സംസാരിക്കാമെന്ന് പറഞ്ഞ് സജാദ് തന്നെയാണ് വീട്ടിലേക്ക് ക്ഷണിച്ചത്. അവിടെ സംസാരിച്ചുകൊണ്ടിരിക്കെയാണ് സജിത്ത് മുട്ടപ്പാലം ഒരു സംഘത്തോടൊപ്പം എത്തിയതെന്നും രമ്യ ആരോപിച്ചു.