വൈദ്യുതി പ്രതിസന്ധി; അടിയന്തര വാദം ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍.

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറുകള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു.കരാറുകള്‍ റദ്ധാക്കിയതോടെ കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ലഭിക്കാത്തത് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയെന്നും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇതുവരെ 12,570 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 748.20 കോടി രൂപയുടെ നഷ്ടം നേരിട്ടെന്നും കേരളം വ്യക്തമാക്കി. 2014-ല്‍ ജാബുവ പവര്‍, ജിന്‍ഡല്‍ പവര്‍, ജിന്‍ഡല്‍ ഇന്ത്യ തെര്‍മല്‍ പവര്‍ എന്നീ കമ്പനികളുമായി യൂണിറ്റിന് 4.29 രൂപ നിരക്കില്‍ 25 വര്‍ഷത്തേക്ക് 472 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയിരുന്നു. 2016 മുതല്‍ വൈദ്യുതി വാങ്ങിയെങ്കിലും നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി 2023 മേയില്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ വാങ്ങല്‍ തടഞ്ഞു.പിന്നീട് സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് കമ്മിഷന്‍ കരാര്‍ പുനഃസ്ഥാപിച്ചെങ്കിലും സ്വകാര്യ വൈദ്യുതി കമ്പനികള്‍ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കുകയും കേരളത്തിന് പ്രതികൂലമായ വിധിയുണ്ടാകുകയും ചെയ്തു. ഇതിനെതിരായ ഹര്‍ജിയാണ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിലെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിങ് കോണ്‍സല്‍ മര്‍സൂഖ് ബാഫഖി തങ്ങള്‍ ആണ് കേരളത്തിന്റെ അപേക്ഷ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്തത്.
Previous Post Next Post